ഒമാനില്‍ പനി പടരുന്നു, വേണം കരുതല്‍

October 16, 2023
13
Views

രാജ്യത്തെ തലസ്ഥാന നഗരിയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ പനി പടരുന്നു.

മസ്കത്ത്: രാജ്യത്തെ തലസ്ഥാന നഗരിയടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ പനി പടരുന്നു. ചുമ, കഠിനമായ തലവേദന എന്നിവയോടെയാണ് പലര്‍ക്കും പനി അനുഭവപ്പെടുന്നത്.

അസുഖം ബാധിച്ചവരില്‍ പലര്‍ക്കും മാറാന്‍ ചുരുങ്ങിയത് ഏഴു മുതല്‍ 10 ദിവസം വരെ എടുക്കുന്നുണ്ട്. ചിലര്‍ക്ക് കോവിഡ് നേരത്തേ ഉണ്ടായതുപോലെ ഉറക്കക്കുറവും ശരീരവേദനയും ഒപ്പമുണ്ട്.

അതേസമയം, ഒമാനില്‍ കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായാണ് പനി പടരുന്നതെന്നും പനി ബാധിച്ചവരും അവരുടെ കുടുംബങ്ങളും ബന്ധപ്പെടുന്നവരും മാസ്ക് ധരിക്കണമെന്നും റൂവി ബദര്‍ സമ ഹോസ്പിറ്റലിലെ പ്രധാന ഡോക്ടറായ ബഷീര്‍ പറഞ്ഞു. നിലവില്‍ ജലദോഷപ്പനിയാണ് പടരുന്നത്.

പ്രതിരോധശക്തി കുറഞ്ഞവരിലേക്ക് വേഗം പടരും. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവരിലും ഇത് ന്യുമോണിയയായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ചില എച്ച്‌1എൻ1 കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗം വരുന്നവര്‍ നന്നായി വെള്ളം കുടിക്കണം.

തണുത്ത വെള്ളം ഒഴിവാക്കുകയും വേണം. കൈ സോപ്പ് ഉപയോഗിച്ച്‌ കഴുകണം. ഇത്തരം ജലദോഷപ്പനി വരുന്നവര്‍ക്ക് ആൻറിബയോട്ടിക്കുകള്‍ നല്‍കരുതെന്നും പാരസെറ്റമോളാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ പനി താരതമ്യേന കൂടുതലാണെന്നും ഇതിന് പ്രധാന കാരണം കഴിഞ്ഞ വര്‍ഷം മാസ്ക് പരിരക്ഷ ഉണ്ടായിരുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാലും ഈ വര്‍ഷം പനി നിരക്ക് വല്ലാതെ ഉയര്‍ന്നിട്ടില്ല.

കാലാവസ്ഥ മാറുമ്ബോള്‍ സാധാരണ ജലദോഷവും അതോടനുബന്ധിച്ചുള്ള പനിയും വ്യാപകമാവാറുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച്‌ പനിയും വ്യാപകമായിട്ടുണ്ട്. നിരവധി പേരാണ് ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്. പനിക്കു പുറമെ ശരീരവേദന, മസില്‍ വേദന തുടങ്ങിയ ശാരീരിക പ്രയാസങ്ങളും പലരും നേരിടുന്നുണ്ട്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *