മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി 2030ലെ ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറും.
സൂറിച്ച്: മൂന്ന് ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി 2030ലെ ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറും. ലോകകപ്പിന്റെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ചാണ് 3 വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായി ലോകകപ്പ് അരങ്ങേറുന്നതെന്ന് ഫിഫ അറിയിച്ചു.
സ്‌പെയിൻ, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവര്‍ സംയുക്തമായി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കും. ഉറുഗ്വായ്, പരാഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ ഓരോ മത്സരത്തിനും വേദിയാകും.
ഫിഫ ലോകകപ്പിന്റെ ശതാബ്ദി ആഘോഷിക്കാൻ തീരുമാനിച്ചെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. 2030-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള മൊറോക്കോ, പോര്‍ച്ചുഗല്‍, സ്‌പെയിൻ എന്നീ രാജ്യങ്ങളുടെ സംയുക്ത ബിഡ് അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. 2026ലെ ലോകകപ്പിന് അമേരിക്കയും മെക്‌സിക്കോയുമാണ് ആതിഥേയത്വം വഹിക്കുന്നത്.
ആതിഥേയത്വം വഹിക്കുന്ന ആറ് രാജ്യങ്ങളും 2030ലെ ലോകകപ്പിന് യോഗ്യത നേടി. 48 രാജ്യങ്ങളാണ് വിശ്വകിരീടത്തിനായി പോരാടുക. 2034 ലെ മത്സരങ്ങള്‍ക്ക് ഏഷ്യയിലെയും ഓഷ്യാനിയയിലെയും രാജ്യങ്ങളെ പരിഗണിക്കും. ഇതോടെ 2034ലെ മത്സരങ്ങള്‍ക്ക് വേദിയാകാനുളള സൗദിയുടെ സാധ്യതകള്‍ വര്‍ദ്ധിച്ചു.