തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
നാഗപട്ടണം; തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
നാഗപട്ടണം ജില്ലയിലെ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ദീപവലിക്ക് മാസം ശേഷിക്കെ കൂടുതല്‍ പടക്കങ്ങളുടെ നിര്‍മ്മാണത്തിലായിരുന്നു തൊഴിലാളികള്‍. പി. മാണിക്യം(32), എം.നിഗേഷ്(22), സി.മദന്‍(23), ആര്‍.രാഘവന്‍(22) എന്നിവരാണ് മരിച്ചത്.
ഇതിനിടെ തീപടരുകയും പടക്കങ്ങള്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. വീര്യമേറിയ പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. നൂറ് മീറ്ററോളം മാറി ചിതറി തെറിച്ച നിലയിലായിരുന്നു അവയവങ്ങള്‍.കഴിഞ്ഞ ദിവസം 2.30 ഓടെയായിരുന്നു പൊട്ടിത്തെറി.
ഫാക്ടറിയില്‍ പത്തു പേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നതായി നാഗപട്ടണം എസ്.പി ഹരീഷ് സിംഗ് പറഞ്ഞു. പരിക്കേറ്റ മറ്റ് തൊഴിലാളികളെ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാക്ടറിക്ക് 2023 മുതല്‍ 26 വരെ ലൈസന്‍സുണ്ട്. കരിമരുന്ന് മിക്‌സ് ചെയ്യുന്നതിടെയാകാം പൊട്ടിത്തെറിയെന്നാണ് വിവരം. 2008-ലാണ് ഫാക്ടറി ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുന്നതായി എസ്.പി പറഞ്ഞു.