അഴീക്കോട്, ചേറ്റുവ തീരങ്ങളോട് ചേർന്ന് അനധികൃത മത്സ്യ ബന്ധനം (കരവലി) നടത്തിയ ബോട്ടിന് എതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് അധികൃതര്‍.
തൃശൂർ: അഴീക്കോട്, ചേറ്റുവ തീരങ്ങളോട് ചേർന്ന് അനധികൃത മത്സ്യ ബന്ധനം (കരവലി) നടത്തിയ ബോട്ടിന് എതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മ്മെൻ്റ് അധികൃതര്‍.
എറണാകുളം തോപ്പുംപടി സ്വദേശി ഷഹീർ, കുഞ്ഞിത്തൈ സ്വദേശി ചാർലി മെന്റസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബ്ലസ്സിങ്ങ്, അഗാപെ ബോട്ടുകളാണ് യഥാക്രമം അഴീക്കോട്, ചേറ്റുവ തീരങ്ങളോട് ചേർന്ന് പിടിച്ചെടുത്തത്.
തീരക്കടലില്‍ നിന്നും കൂട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുക്കുന്ന മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്ബത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്ബരാഗത മത്സ്യതൊഴിലാളിക്ക് മത്സ്യലഭ്യത കുറയുമെന്ന് കാണിച്ച് പരമ്ബരാഗത മത്സ്യതൊഴിലാളികള്‍ നല്കിയ പരാതിയില്‍ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോളിൻ്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം തീരക്കടലില്‍ നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്.
കരവലി കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നിരോധിച്ച മത്സ്യ ബന്ധന രീതിയാണ്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ ഈ രീതിയില്‍ മത്സ്യ ബന്ധനം നടത്തുന്നത്. പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജില്ലയുടെ തെക്കേ അതിർത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിർത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് ബോട്ടുകള്‍ പിടിയിലായത്.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെഎംഎഫ് റെഗുലേഷൻ ആക്ട് 1980) പ്രകാരം കേസെടുത്ത് തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തു. നിയമനടപടികള്‍ പൂർത്തിയാക്കിയ ബ്ലെസ്സിങ്, അഗാപെ ബോട്ടുകളിലെ മത്സ്യം അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററില്‍ പരസ്യ ലേലം ചെയ്ത് യഥാക്രമം ലഭിച്ച 20500, 41000 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം (കരവലി) നടത്തിയതിന് 250000 വീതം രൂപ സർക്കാരിലേക്ക് പിഴ ഈടാക്കി.
പ്രത്യേക പരിശോധന സംഘത്തില്‍ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ എം എഫ് പോള്‍ , എഎഫ്ഇഒ സംന ഗോപൻ, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആൻ്റ് വിജിലൻസ് വിങ്ങ് ഉദ്യോഗസ്ഥരായ വി എം ഷൈബു, വി എൻ പ്രശാന്ത് കുമാർ, ഇ ആർ ഷിനില്‍കുമാർ എന്നിവര്‍ നേതൃത്വം നല്കി. സീ റെസ്ക്യൂ ഗാർഡ്മാരായ പ്രസാദ്, സ്രാങ്ക് ദേവസ്സി എഞ്ചിൻ ഡ്രൈവർ ഗഫൂർ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധ കുമാരി അറിയിച്ചു.