ന്യൂ ഡെൽഹി: രാജ്യത്ത് വ്യോമഗതാഗതം ഉടൻ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കും മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരത്തോടുകൂടിയോ പിൻവലിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.ബി.സി ടി.വി18 റിപ്പോർട്ട് ചെയ്തു. അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്ത്യയിലേക്കുളള ഏതാനും അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് നിലവിൽ ഫെബ്രുവരി 28 വരെയാണുള്ളത്. കൊറോണ പശ്ചാത്തലത്തിൽ 2020 മാർച്ച് 23 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയത്. അതേസമയം 2020 ജൂലൈ മുതൽ 40 രാജ്യങ്ങളുമായി എയർ ബബിൾ സംവിധാനത്തിൽ സ്പെഷ്യൽ ഫ്ളൈറ്റ് സർവീസ് നടത്തിയിരുന്നു.
വ്യോമമാർഗം വഴിയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കത്തിന് വിലക്ക് ബാധകമല്ലായിരുന്നു. പ്രത്യേക അനുമതിയോടെ ചരക്ക് സർവീസുകൾ തുടരുന്നുണ്ടായിരുന്നു.