വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ പത്ത് പേര്‍ മരിച്ചു.
ഡല്‍ഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ സിക്കിമില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ പത്ത് പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
22 സൈനികര്‍ ഉള്‍പ്പടെ 83 പേരെ കാണാതായി. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ കുടുങ്ങികിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കാണാതായവരുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രളയ മേഖല സന്ദര്‍ശിച്ചു. പ്രദേശത്ത് നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്ബുകളാണ് തുറന്നത്.
ഇന്നലെ രാവിലെ മുതല്‍ ടീസ്റ്റ നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ചുങ്താങ് അണക്കെട്ടില്‍ നിന്നുള്ള വെള്ളം കൂടി എത്തിയത് ദുരന്ത തീവ്രത കൂട്ടി. തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. നദീതീരങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടയാണ് മിന്നല്‍ പ്രളയം എത്തിയത്.
വടക്ക് ഗാങ്‌ടോക്കില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ ചുങ്താങ് പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ടീസ്ത സ്റ്റേജ് 3 അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബാലുതാര്‍ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയതായി ഗാങ്ടോക് ഭരണകൂടം അറിയിച്ചു. പശ്ചിമ ബംഗാളുമായി സിക്കിമിനെ ബന്ധിപ്പിക്കുന്ന ദേശീയപാത 10ലെ നിരവധി സ്ഥലങ്ങള്‍ തകര്‍ന്നിട്ടുണ്ട്.