അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50ലധികം പേര്‍ മരിച്ചു. മധ്യമേഖലയിലെ ഘോര്‍ പ്രവിശ്യയിലാണ് വന്‍ നാശം.
നിരവധി പേരെ കാണാതായി. ആയിരക്കണക്കിന് വീടുകള്‍ നശിച്ചു. രാജ്യത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മുന്നൂറിലധികം പേരാണ് മരിച്ചത്.
ആയിരക്കണക്കിന് കന്നുകാലികളും രണ്ടായിരത്തോളം വീടുകളും മിന്നല്‍ പ്രളയത്തില്‍ നശിച്ചതായാണ് ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടായ മിന്നല്‍ പ്രളയങ്ങള്‍ അഫ്ഗാനിസ്ഥാനിലെ മധ്യ, വടക്കന്‍ മേഖലകളിലാണ് കടുത്ത വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്. ഫിറോസ്‌കോഹ് മേഖലയിലെ രണ്ടായിരത്തിലേറെ കടകള്‍ മുങ്ങിപ്പോയ നിലയിലാണ്. പ്രധാനപാതകള്‍ വരെ മുങ്ങിപ്പോയ നിലയിലാണുള്ളത്.
പ്രവിശ്യയിലെ ദുരന്ത നിവാരണ സേന മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ ആളുകള്‍ക്ക് താമസം, വെള്ളം, ഭക്ഷണം എന്നിവയും ലഭ്യമാക്കണമെന്നാണ് ദുരന്തനിവാരണ സേന ആവശ്യപ്പെടുന്നത്. അസാധാരണമായ രീതിയിലുള്ള കനത്ത മഴയില്‍ അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ സമാനതകളില്ലാത്ത രീതിയിലാണ് ബാധിച്ചിട്ടുള്ളത്.