തിരുവനന്തപുരം: അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
എന്നാല്‍ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.
ദേവസ്വംബോര്‍ഡ് ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, അരളിപ്പൂവ് പൂര്‍ണമായും ക്ഷേത്ര ആവശ്യങ്ങളില്‍നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം തുടരും.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചതിനു പിന്നാലെയാണ് അരളി വീണ്ടും ചർച്ചയായത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതുമൂലം വിഷബാധയേറ്റാണ് സൂര്യ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നാലെ അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തിരുന്നു.