റഹീമിന്റെ മോചനം; 34 കോടി രൂപ ഇന്ത്യൻ എംബസിയിലെത്തി

May 24, 2024
45
Views

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ദിയധനം നല്‍കാനുള്ള ഒന്നരക്കോടി സൗദി റിയാല്‍ (ഏകദേശം 34 കോടി രൂപ) റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.

വ്യാഴാഴ്ച (മെയ് 23) ഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികള്‍ പണം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിർദേശം ബുധനാഴ്ച്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂരിന് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍ പൂർത്തിയാക്കണമെന്ന അഫിഡവിറ്റും റഹീമിന്റെ കുടുംബം എംബസിയിലെത്തിച്ചു.

കോടതിയുടെ പേരില്‍ ദിയാധന തുകക്ക് തുല്യമായ സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് ഉടൻ ഇന്ത്യൻ എംബസി കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറില്‍ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ അല്ലെങ്കില്‍ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണിയുള്ള വക്കീലോ ഗവർണറേറ്റ് മുമ്ബാകെ ഹാജരാകും. അതേസമയം തന്നെ റഹീമിന്റെ വക്കീലും ഗവർണറേറ്റിലെത്തി കരാറില്‍ ഒപ്പ് വെക്കും. പിന്നീട് കരാർ ഉള്‍പ്പടെയുള്ള രേഖകള്‍ ഗവർണറേറ്റില്‍ നിന്ന് കോടതിയിലേക്ക് നല്‍കും. കോടതി രേഖകള്‍ പരിശോധിച്ചതിന് ശേഷം നല്‍കുന്ന നിർദേശങ്ങള്‍ക്കനുസരിച്ചു തുടർനീക്കങ്ങള്‍ നടത്തുമെന്ന് സഹായസമിതി അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *