കൊച്ചി∙ സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരനെ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന് മാത്രം പ്രായപരിധിയിൽ ഇളവ് നൽകാനും സിപിഎം സംസ്ഥാന സമ്മേളനത്തിൽ തീരുമാനം. സംസ്ഥാന കമ്മിറ്റിയിൽനിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി.സുധാകരൻ നേതൃത്വത്തിനു കത്ത് നൽകിയിരുന്നു. 75 വയസ്സു പിന്നിട്ട സുധാകരനെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കുമെന്ന സൂചന നിലനിൽക്കെയായിരുന്നു മാറാൻ തയാറാണെന്നു സുധാകരൻ അങ്ങോട്ട് അറിയിച്ചത്.
സംസ്ഥാന കമ്മിറ്റിയിൽനിന്നു മാറാൻ താൽപര്യമറിയിച്ച് ജി.സുധാകരൻ
ജി.സുധാകരനെ പാർട്ടി പരസ്യമായി ശാസിച്ചത് ഈ സമ്മേളനത്തിലെ സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരൻ നേതൃപരമായ പങ്കുവഹിച്ചില്ലെന്നും സുധാകരന്റെ പ്രവർത്തന പാരമ്പര്യവും നൽകിയ സേവനവും കണക്കിലെടുത്ത് പാർട്ടി അദ്ദേഹത്തെ തിരുത്തുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ, തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സുധാകരന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി വ്യക്തമാക്കിയിരുന്നു. പിന്നീട് പേര് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഗുരുതര വീഴ്ചകളുടെ പേരിലാണ് ജി.സുധാകരനെ പാർട്ടി പരസ്യമായി ശാസിച്ചത്. സുധാകരന്റെ പിൻഗാമിയായി അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്.സലാമിന്റെ വിജയത്തിനായി ശ്രമിച്ചില്ലെന്നും പ്രചാരണ രംഗത്ത് അലംഭാവം കാട്ടിയെന്നും അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ.തോമസും ആയിരുന്നു കമ്മിഷൻ അംഗങ്ങൾ. സലാമിനെതിരായ വർഗീയ പ്രചാരണങ്ങളെ തടയാൻ വേണ്ടവിധം ശ്രമിച്ചില്ല, ഫണ്ട് പിരിവിനു മുന്നിട്ടിറങ്ങിയില്ല തുടങ്ങി 22 കുറ്റങ്ങളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്.