ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ് യോഗം ശ്രീനഗറില്‍ ഇന്ന് തുടങ്ങാനിരിക്കെ കനത്ത സുരക്ഷാവലയത്തില്‍ കശ്മീര്‍ താഴ്വര.
ശ്രീനഗര്‍: ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ് യോഗം ശ്രീനഗറില്‍ ഇന്ന് തുടങ്ങാനിരിക്കെ കനത്ത സുരക്ഷാവലയത്തില്‍ കശ്മീര്‍ താഴ്വര.
നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് കശ്മീര്‍ ഒരു രാജ്യാന്തര പരിപാടിക്ക് വേദിയാകുന്നത്. 370ാം വകുപ്പ് പിന്‍വലിച്ച് മൂന്നു വര്‍ഷം കഴിഞ്ഞ് നടക്കുന്ന ത്രിദിന പരിപാടി വന്‍വിജയമാക്കാന്‍ വന്‍ സുരക്ഷയാണ് നഗരത്തിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്.
തുടര്‍ച്ചയായ വ്യോമനിരീക്ഷണത്തിന് ദേശീയ സുരക്ഷ ഗാര്‍ഡിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ പ്രത്യേക ഡ്രോണ്‍വേധ ഉപകരണം പ്രവര്‍ത്തിക്കും. ചാവേര്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മു-കശ്മീര്‍ പൊലീസിലെ പ്രത്യേക ഓപറേഷന്‍ ഗ്രൂപ് വിവിധ ഇടങ്ങളില്‍ നിലയുറപ്പിക്കും. ഡ്രോണ്‍ ആക്രമണ സാധ്യതയും ഇവര്‍ നിരീക്ഷിക്കും.
വേദിയായ ശേറെ കശ്മീര്‍ രാജ്യാന്തര കോണ്‍ഫറന്‍സ് സെന്ററിനു നേരെ ഉണ്ടാകാവുന്ന ഭീഷണികള്‍ നിരീക്ഷിക്കാന്‍ നാവിക സേനയുടെ ‘മാര്‍കോസ്’ കമാന്‍ഡോകളെ ദാല്‍ തടാകത്തില്‍ വിന്യസിച്ചിട്ടുണ്ട്.ഇവര്‍ തന്നെയാകും രാജ്യാന്തര പ്രതിനിധികള്‍ക്കും സുരക്ഷയൊരുക്കുക. 1,000 സി.സി.ടി.വി കാമറകളും നഗരത്തില്‍ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. വേദിക്കരികിലേക്കുള്ള പാതയില്‍ രണ്ടു ദിവസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ശ്രീനഗര്‍ പൊലീസ് അറിയിച്ചു. ചെനാബ് നദിയില്‍ ബി.എസ്.എഫുകാര്‍ പ്രത്യേക ബോട്ടുകളില്‍ നിരീക്ഷണം നടത്തും. നഗരത്തിലും പരിസരങ്ങളിലും അടിയന്തരമായി റോഡ് അറ്റകുറ്റപ്പണിയും മോടി കൂട്ടലും പുരോഗമിക്കുകയാണ്.
ഇന്ത്യയില്‍നിന്നുള്‍പ്പെടെ 180 പ്രതിനിധികള്‍ ശ്രീനഗറില്‍ എത്തും. ദാല്‍ തടാകത്തിന് അഭിമുഖമായ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരിക്കും ഇവരുടെ താമസം.ചൈന, തുര്‍ക്കിയ, സൗദി അറേബ്യ എന്നിവയൊഴികെ രാജ്യങ്ങള്‍ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്. പാകിസ്താന്‍ നിലപാടിനൊപ്പം നില്‍ക്കുന്ന ചൈന തര്‍ക്കപ്രദേശത്ത് യോഗം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് വിട്ടുനില്‍ക്കുന്നത്.
ജമ്മു-കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി പരിപാടി വന്‍ വിജയമാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെ മുന്‍മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. നേരത്തേ തുറന്ന ജയിലാക്കി മാറ്റിയിരുന്ന കശ്മീരിനെ ഗ്വണ്ടാനമോ തടവറക്കു സമാനമായി മാറ്റിയിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. വീടുകള്‍ വരെ അവര്‍ കൈയേറിയതായും മഹ്ബൂബ ബംഗളൂരുവില്‍ വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ജി20 ഉച്ചകോടിയുടെ മുന്നോടിയായി നേരത്തേ ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിലും ബംഗാളിലെ സിലിഗുരിയിലും നടന്ന ടൂറിസം കര്‍മസമിതി യോഗങ്ങളുടെ തുടര്‍ച്ചയായാണ് കശ്മീരിലേത്. സെപ്റ്റംബറില്‍ ന്യൂഡല്‍ഹിയിലാണ് ജി20 ഉച്ചകോടി.