തിരുവനന്തപുരം: മംഗലപുരത്തെ പാചകവാതക ടാങ്കർ അപകടത്തെ തുടർന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ്.
ഇൻവെർട്ടർ പ്രവർത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുതെന്നാണ് അധികൃതരുടെ കർശന നിർദ്ദേശം.
അപകടത്തില്‍പ്പെട്ട ലോറിയില്‍ നിന്നും ഗ്യാസ് മറ്റ് ലോറികളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. അപകടത്തെ തുടർന്ന് പള്ളിപ്പുറം സിആർപിഎഫ് മുതല്‍ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതത്തിലും തടസ്സം വന്നിട്ടുണ്ട്. വാഹനങ്ങള്‍ മറ്റൊരു വഴിയിലൂടെയാണ് ഇപ്പോള്‍ തിരിച്ചുവിടുന്നത്.
ഇന്ന് പുലർച്ചെ നാലുമണിക്കാണ് ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതക സിലിണ്ടർ കയറ്റി വന്ന ലോറി മറിഞ്ഞത്. ശക്തമായ മഴയായതിനാല്‍ ടാങ്കർ മണ്ണില്‍ താഴ്ന്ന് മറിയുകയായിരുന്നു. സംഭവത്തില്‍ വാതക ചോർച്ചയില്ലെന്നും വാഹനം ഉയർത്താൻ ശ്രമം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്. കൊച്ചിയില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തില്‍ ഡ്രൈവർ നാമക്കല്‍ സ്വദേശി എറ്റിക്കണ്‍ (65) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.