ഓണം അവധി ആഘോഷിക്കാൻ ഗവിയിലേക്ക് സഞ്ചാരികളുടെ വൻതിരക്ക്.
ഓണം അവധി ആഘോഷിക്കാൻ ഗവിയിലേക്ക് സഞ്ചാരികളുടെ വൻതിരക്ക്. പ്രവേശനത്തിന് നിയന്ത്രണമുള്ളതിനാല്‍ നൂറുകണക്കിന് സഞ്ചാരികള്‍ക്ക് ഗവിയിലെത്തിപ്പെടാൻ കഴിയാതെ നിരാശരാകേണ്ടിയും വന്നു.
ഓണ്‍ലൈൻ ബുക്കിങ്ങിലൂടെയാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങള്‍ കടത്തി വിടുന്നത്. ഇതാവട്ടെ പരിമിതമായ ദിവസത്തേക്ക് മാത്രമാണ് തുറന്നുനല്‍കുന്നത്. ബുക്കിങ് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ പൂര്‍ത്തിയായതാണ് നിരവധി സഞ്ചാരികളുടെ യാത്ര മുടങ്ങാനിടയാക്കിയത്.
ഗവി റൂട്ടിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കെ.എസ്.ആര്‍.ടി.സി. യുടെ പാക്കേജ് സര്‍വീസുകളിലും സഞ്ചാരികളുടെ വലിയ തിരക്കാണ്. എന്നാല്‍, സഞ്ചാരികളുടെ തിരക്കനുസരിച്ച് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് സൗകര്യ പ്രദമാകുമായിരുന്നു.
മഴ ഒഴിഞ്ഞു നില്‍ക്കുന്നതിനാല്‍ സഞ്ചാരികള്‍ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തി കാടിന്റെ ഭംഗി ആസ്വദിച്ചാണ് യാത്ര തുടരുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യവും ഇടയ്ക്കിടെ പാതയില്‍ ഉണ്ടാകുന്നുണ്ട്. വനം വികസന കോര്‍പ്പറേഷന്റെ ഗവിയിലെ കോട്ടേജുകളും, ഗസ്റ്റ്ഹൗസുകളുമെല്ലാം നിറയെ ബുക്കിങ്ങാണ്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ ആങ്ങമൂഴി, വള്ളക്കടവ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ഗവിയിലേക്ക് കടത്തി വിടുന്നത്. ഓണാവധി പ്രമാണിച്ച് കൂടുതല്‍ വാഹനങ്ങള്‍ കടത്തി വിടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വനം വകുപ്പ് ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല.
ശബരിഗിരി ജലവൈദ്യുതി പദ്ധിതിയുടെ വിവിധ സംഭരണികളും, അണക്കെട്ടുകളും, നോക്കെത്താദൂരത്തുള്ള മലനിരകളും, മൊട്ടക്കുന്നുകളുമെല്ലാം ഗവി പാതയിലെ പ്രധാന കാഴ്ചകളാണ്. എന്നാല്‍, സംഭരണികളിലെല്ലാം വെള്ളം തീരെ കുറവാണ്. മുൻവര്‍ഷങ്ങളില്‍ ഇതേകാലയളവില്‍ നിറഞ്ഞുകിടന്നിരുന്ന സംഭരണികളെല്ലാം നയന മനോഹരമാകുന്ന കാഴ്ചകളായിരുന്നു. മഴ ഒഴിഞ്ഞു നില്‍ക്കുന്നതിനാല്‍ കോടമഞ്ഞിന്റെ കാഴ്ചയും അപൂര്‍വമാണിപ്പോള്‍.