വടക്കൻ ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തിരുന്നവർക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 104 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഗസ്സ: വടക്കൻ ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തിരുന്നവർക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 104 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
250 പേർക്ക് പരിക്കേറ്റതായി അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. 20 മൃതദേഹങ്ങള്‍ കമാല്‍ അഡ്വാൻ ആശുപത്രിയിലേക്കും 57 മൃതദേഹങ്ങള്‍ അല്‍ ശിഫ ആശുപത്രിയിലേക്കും മാറ്റിയതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
രക്തം മരവിപ്പിക്കുന്ന ക്രൂരതയാണ് ഇസ്രായേല്‍ സൈന്യം നടത്തിയതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയുടെ ഭാഗമാണ് സിവിലിയൻമാർക്ക് നേരെയുള്ള ക്രൂരമായ ആക്രമണം. വെടിനിർത്തല്‍ പ്രഖ്യാപിക്കുന്നതിനായി അടിയന്തര അന്താരാഷ്ട്ര ഇടപെടല്‍ മാത്രമാണ് സിവിലിയൻമാരെ സംരക്ഷിക്കാനുള്ള ഏക മാർഗമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.