ഗാസയിലെ താത്കാലിക വെടിനിറുത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന ആരോപണവുമായി ഹമാസ് രംഗത്ത്.
ടെല്‍ അവീവ്: ഗാസയിലെ താത്കാലിക വെടിനിറുത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചെന്ന ആരോപണവുമായി ഹമാസ് രംഗത്ത്.
വെടിനിറുത്തലിന്റെ രണ്ടാം ദിനമായ ഇന്നലെ 14 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചിരുന്നു. എന്നാല്‍, വടക്കൻ ഗാസയിലേക്ക് സഹായ ട്രക്കുകള്‍ കടത്തിവിടാത്തതിനാല്‍ ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന് ഹമാസ് വ്യക്തമാക്കി.
മോചിപ്പിക്കുന്ന പാലസ്തീനിയൻ തടവുകാരുടെ പട്ടികയില്‍ ഇസ്രയേല്‍ മാറ്റം വരുത്തിയെന്നും തെക്കൻ ഗാസയ്ക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയെന്നും ഹമാസ് ആരോപിച്ചു. ആരോപണം ഇസ്രയേല്‍ നിഷേധിച്ചു. 42 പാലസ്തീനിയൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ബന്ദികളെ ഹമാസ് മോചിപ്പിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.
വെടിനിറുത്തലിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച 24 ബന്ദികളെ (13 ഇസ്രയേലി, 10 തായ്, 1 ഫിലിപ്പീനോ വംശജര്‍ ) ഹമാസ് മോചിപ്പിച്ചിരുന്നു. 39 പാലസ്തീനിയൻ തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിച്ചത്. ഇന്നലെയും ഗാസയില്‍ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. വെള്ളം, ഭക്ഷണം, പാചകവാതകം, ഡീസല്‍, മരുന്ന് എന്നിവയുമായി എത്തിയ ഈജിപ്ഷ്യൻ ട്രക്കുകള്‍ ഗാസയിലേക്ക് കടത്തിവിട്ടു. വടക്കൻ ഗാസയിലെ യു.എൻ ക്യാമ്ബുകളിലേക്കും സഹായമെത്തി. എന്നാല്‍ 100 ട്രക്കുകള്‍ക്ക് പകരം 3 എണ്ണം മാത്രമാണെത്തിയത്. മറ്റുള്ളവ ഇസ്രയേല്‍ തടഞ്ഞെന്നാണ് ഹമാസിന്റെ ആരോപണം.
വെള്ളിയാഴ്ച റാഫ അതിര്‍ത്തി വഴി 200 സഹായ ട്രക്കുകളാണ് ഗാസയിലെത്തിയത്. അതിനിടെ, ലെബനൻ അതിര്‍ത്തിയില്‍ നിന്ന് വടക്കൻ ഇസ്രയേലിന് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. റോക്കറ്റുകള്‍ സൈന്യം വെടിവച്ചിട്ടതിനാല്‍ ആളപായമില്ല. ഗാസ സിറ്റിയിലെ അല്‍ – ഷിഫ ആശുപത്രിയുടെ ഡയറക്ടര്‍ അടക്കം ഇസ്രയേല്‍ സൈന്യം പിടികൂടിയ നാല് ആരോഗ്യ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ആശുപത്രിയ്ക്ക് സമീപം ഹമാസിന്റേതെന്ന് കരുതുന്ന ടണല്‍ കണ്ടെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഇസ്രയേല്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിനിറുത്തല്‍ അവസാനിക്കുന്നതിന് പിന്നാലെ ഹമാസിനെതിരെയുള്ള പോരാട്ടം അടുത്ത ഘട്ടത്തിലെത്തിക്കുമെന്ന് ഇസ്രയേല്‍ സൈന്യം സൂചന നല്‍കി. ഇതിനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.
അതിനിടെ, ഇന്ത്യൻ മഹാസമുദ്രത്തില്‍ ഇസ്രയേലി കണ്ടെയ്നര്‍ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ആളപായമില്ല. കപ്പലിന് നേരിയ നാശനഷ്ടമുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇറാൻ റെവലൂഷണറി ഗാര്‍ഡ് ആണെന്ന് കരുതുന്നതായി യു.എസ് പ്രതികരിച്ചു.