ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു

September 17, 2021
118
Views

പുണെ: ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് പുണെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പുണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഉയർന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്കാരം ഈ വർഷം പ്രൊഫ. താണു പത്മനാഭന് ലഭിച്ചിരുന്നു.

എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. 1957 ൽ തിരുവനന്തപുരത്താണ് താണു പത്മനാഭൻ ജനിച്ചത്. കേരള സർവകലാശാല യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിഎസ്സി (1977), എംഎസ്സി (1979) ബിരുദങ്ങൾ സ്വർണമെഡലോടെ നേടി. ആദ്യത്തെ ഗവേഷണ പേപ്പർ ഇരുപതാം വയസ്സിൽ ബിഎസ്സിക്ക് പഠിക്കുമ്പോൾത്തന്നെ പ്രസിദ്ധീകരിച്ചു. സാമാന്യ ആപേക്ഷികതയായിരുന്നു വിഷയം.

മുംബൈയിലെ ടിഐഎഫ്ആറിൽ നിന്ന് 1983 ൽ പിഎച്ഡി നേടി. 1992 മുതൽ പുണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലാണ്. സ്വിറ്റ്സർലൻഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേൺ, ന്യൂ കാസിൽ സർവകലാശാല, ലണ്ടനിലെ ഇംപീരിയൽ കോളേജ്, കാൾടെക്, പ്രിൻസ്ടൺ, കേംബ്രിഡ്ജ് സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു.

ഭാര്യ: ഡോ. വാസന്തി പത്മനാഭൻ. മകൾ: ഹംസ പത്മനാഭൻ.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *