സിംഹങ്ങള്‍ക്ക് സമാധാനം കൊടുക്കൂ; ഗിർ വനത്തിലെ അധിക സഫാരിക്കെതിരേ ഗുജറാത്ത് ഹൈക്കോടതി

November 28, 2021
337
Views

അഹമ്മദാബാദ് : ”സിംഹങ്ങൾ സമാധാനമായും ഏകാന്തമായും കഴിയട്ടെ. നിങ്ങൾ എന്തിനാണ് അവരെ പീഡിപ്പിക്കുന്നത്…”ഗുജറാത്ത് സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. ഗിർവനത്തിലെ ഗിർനാറിൽ പുതിയ വിനോദസഞ്ചാരമേഖല തുറക്കുന്നതിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇവിടെ ടൂറിസം നിയന്ത്രിക്കുന്നതിനുള്ള വ്യക്തമായ മാർഗരേഖ സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.

ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഗിറിൽ കൂടുതൽ സഫാരികൾ ആരംഭിക്കുന്നതിനെതിരേയാണ് ഒരു സന്നദ്ധസംഘടന കോടതിയെ സമീപിച്ചത്. ഹർജി അനുഭാവത്തോടെ പരിഗണിച്ച ഡിവിഷൻബെഞ്ച് മൃഗങ്ങളുടെ സൈ്വരം നശിപ്പിക്കുന്നതിനെ വിമർശിച്ചു. പശുവിനെ തീറ്റയായി നൽകി സിംഹത്തെ ആകർഷിച്ച വാർത്തയും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ കാട്ടിൽ ഇരതേടാനുള്ള അവരുടെ താത്പര്യം ഇല്ലാതാക്കും. സിംഹങ്ങൾ വളർത്തുമൃഗങ്ങളെയും മനുഷ്യരെയും വേട്ടയാടാനും ഇടയാകും. ഇപ്പോൾത്തന്നെ അവ പട്ടണങ്ങളിൽ ഇറങ്ങിത്തുടങ്ങിയെന്നു കോടതി ചൂണ്ടിക്കാട്ടി.

ഇരതേടാൻ ശേഷിയില്ലാത്ത സിംഹങ്ങളെയാണ് സഫാരിയുടെ വഴിയിൽ അനുവദിക്കുന്നതെന്ന സർക്കാരിന്റെ വാദം കോടതി തള്ളി. ”അവയെ കാട്ടിലേക്ക് വിടുകയാണ് വേണ്ടത്. സിംഹങ്ങളെ കാണേണ്ടവർ മൃഗശാലയിൽ പോകട്ടെ. മനുഷ്യരുടെ ഇടപെടൽ പരമാവധി കുറയ്ക്കണം. വിവിധരാജ്യങ്ങളിലെ രീതി പരിശോധിച്ച് സമഗ്രമായ ഒരു പദ്ധതി സമർപ്പിക്കണം. അല്ലെങ്കിൽ കോടതിതന്നെ അത് തയ്യാറാക്കേണ്ടിവരും…” ജസ്റ്റിസ് ജെ.ബി. പർഡിവാലയും നിരാൽമേത്തയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *