ദുബൈ ഗ്ലോബല്‍ വില്ലേജ് പുതിയ സീസണ്‍ ആരംഭിക്കുന്പോള്‍, വില്ലേജിലേക്കും തിരിച്ചുമുള്ള ബസ് സര്‍വിസുകള്‍ പുനരാരംഭിക്കാനിരിക്കുകയാണ്
ദുബൈ ഗ്ലോബല്‍ വില്ലേജ് പുതിയ സീസണ്‍ ആരംഭിക്കുന്പോള്‍, വില്ലേജിലേക്കും തിരിച്ചുമുള്ള ബസ് സര്‍വിസുകള്‍ പുനരാരംഭിക്കാനിരിക്കുകയാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോര്‍ട്ട് അതോറിറ്റി.
ഈ മാസം 18ന് ഗ്ലോബല്‍ വില്ലേജ് തുറക്കുന്ന അന്നുമുതല്‍ തന്നെ ആര്‍ടിഎ ബസ് സര്‍വിസ് സേവനങ്ങളും ആരംഭിക്കും.
പ്രധാനമായും നാലു റൂട്ടുകളിലാണ് ബസുകള്‍ സര്‍വിസ് നടത്തുക. റാഷിദിയ ബസ് സ്റ്റേഷനില്‍ നിന്നാരംഭിക്കുന്ന റൂട്ട് 102, ഓരോ മണിക്കൂര്‍ ഇടവിട്ടും വില്ലേജിലേക്കും തിരിച്ചും സര്‍വിസ് നടത്തും.
അല്‍ ഇത്തിഹാദ് ബസ് സ്റ്റേഷനില്‍ നിന്നുമുള്ള റൂട്ട് 103ല്‍ ഓരോ 40 മിനിറ്റിലും സര്‍വിസ് ഉണ്ടായിരിക്കും. അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നുമുള്ള റൂട്ട് 104ലും ഓരോ മണിക്കൂര്‍ ഇടവിട്ടാണ് ബസുകള്‍ സര്‍വിസ് നടത്തുക. മാള്‍ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനില്‍ നിന്നുള്ള റൂട്ട് 106ലും ഓരോ 60 മിനിറ്റിലും സര്‍വിസ് ഉണ്ടായിരിക്കും.
10 ദിര്‍ഹമാണ് വില്ലേജിലേക്കുള്ള സര്‍വിസ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ആര്‍ടിഎയുടെ ഡീലക്സ് കോച്ചുകളാണ് സര്‍വിസിനായി ഉപയോഗിക്കുക. ഈ സീസണില്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശകര്‍ക്കായി രണ്ട് ഇലക്‌ട്രിക് അബ്രകളുടെ പ്രവര്‍ത്തനവും ഒരുക്കുമെന്നും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്.