ഗോവയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കം കോണ്‍ഗ്രസിലേക്ക് ഒഴുക്ക്

January 10, 2022
63
Views

പനാജി: ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷമായ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലേയ്ക്ക്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോക്ക് പിന്നാലെ യുവമോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ദിനേശ് ഗുണ്ടുറാവു, സംസ്ഥാന അധ്യക്ഷന്‍ വരദ് മര്‍ഗോല്‍ക്കര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ഗജാനന്‍ ടില്‍വേ അംഗത്വം സ്വീകരിച്ചു.

ഗജാനന്‍ ടില്‍വെയെക്കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നിലകാന്ത് നായിക് എന്നീ പ്രമുഖ നേതാക്കളും ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി.

ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോ ഇന്ന് കോണ്‍ഗ്രസിൽ ഔദ്യോഗികമായി ചേര്‍ന്നേക്കും. ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎല്‍എയാണ് ലോബോ. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയിലും മന്ത്രി പങ്കെടുത്തിരുന്നു.

സ്വന്തം മണ്ഡലമായ കലുങ്കട്ട്, സലിഗാവോ, സിയോലിംസ മപുസ എന്നിവിടങ്ങളിലെ ന്യൂനപക്ഷ മേഖലയില്‍ സ്വാധീനമുള്ള നേതാവാണ് ലോബോ. ഇദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് മേഖലയില്‍ നേട്ടമാകും. നേരത്തെ സാംഗും മണ്ഡലത്തിലെ സ്വതന്ത്ര എംഎല്‍എയായ പ്രസാദ് ഗോണ്‍കര്‍ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *