സര്‍വിസുകള്‍ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്ബനി ടിക്കറ്റ് തുക രണ്ടു മാസമായിട്ടും തിരികെ നല്‍കാത്തത് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു.
സുഹാര്‍: സര്‍വിസുകള്‍ റദ്ദാക്കിയ ഗോ ഫസ്റ്റ് വിമാനക്കമ്ബനി ടിക്കറ്റ് തുക രണ്ടു മാസമായിട്ടും തിരികെ നല്‍കാത്തത് യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു.
ടിക്കറ്റ് എടുത്ത ട്രാവല്‍ കമ്ബനിക്കെതിരെ കണ്‍സ്യൂമര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാൻ തയാറെടുക്കുകയാണ് യാത്ര മുടങ്ങിയവര്‍. കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മേയ് ആദ്യ വാരം മുതലാണ് ഗോ ഫസ്റ്റിന്‍റെ സര്‍വിസുകള്‍ റദ്ദാക്കിയത്. രണ്ടു മാസം പൂര്‍ത്തിയായിട്ടും വിമാന കമ്ബനിയുടെ ഭാഗത്തുനിന്ന് ടിക്കറ്റ് തുക തിരിച്ചുനല്‍കാൻ ഒരു നീക്കവും നടന്നിട്ടില്ല.
ജൂലൈ ആറിന് സര്‍വിസ് പുനരാരംഭിക്കും എന്ന അറിയിപ്പല്ലാതെ മറ്റൊന്നും വെബ്സൈറ്റില്‍ ലഭ്യമല്ല. നിരവധി തവണ തീയതി മാറ്റി അറിയിപ്പുകള്‍ നല്‍കിവരുന്നുണ്ടെങ്കിലും സര്‍വിസ് പുനരാരംഭിക്കുമെന്ന് കരുതുന്നില്ലെന്ന് ട്രാവല്‍ രംഗത്തുള്ളവര്‍ പറയുന്നു. വിമാനം റദ്ദുചെയ്ത സമയത്ത് ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകള്‍ അടുത്ത തീയതിയിലേക്ക് മാറ്റിനല്‍കാൻ വിമാനക്കമ്ബനി അനുവദിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ഒരു സര്‍വിസ് പോലും നടത്താൻ ഗോ ഫസ്റ്റിന് കഴിഞ്ഞില്ല.
ചില ട്രാവല്‍ ഏജൻസികള്‍ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് തുകക്ക് അധികം വരുന്ന തുക മാത്രം വാങ്ങി മറ്റു വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുത്തിരുന്നു. ഇങ്ങനെ ചെയ്ത ട്രാവല്‍ ഏജൻസികളും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. വിമാന സര്‍വിസ് നടത്താതിരുന്ന ടിക്കറ്റ് തുക ഗോ ഫസ്റ്റ് നല്‍കുമെന്ന വിശ്വാസത്തിലാണ് ട്രാവല്‍ ഏജൻസികള്‍ ഇങ്ങനെ ചെയ്തിരുന്നത്. ട്രാവല്‍ ഏജൻസികളില്‍നിന്ന് വിളി വരുമ്ബോഴാണ് ടിക്കറ്റ് തുക ഗോ ഫസ്റ്റ് നല്‍കിയിട്ടില്ലെന്ന കാര്യം അറിയുന്നത്. അന്നു ടിക്കറ്റെടുത്തവര്‍ക്ക് നിലവില്‍ വലിയ ബാധ്യതയാണ് വന്നിരിക്കുന്നത്.
കുടുംബവുമായി യാത്ര ചെയ്തവര്‍ക്ക് അന്നത്തെ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് നിരക്ക് അനുസരിച്ച് ഒരാള്‍ക്ക് അമ്ബത് റിയാല്‍വെച്ചു ഇപ്പോള്‍ ട്രാവല്‍സ് ഏജന്റിന് തിരിച്ചു കൊടുക്കണം. ഇതിനിടയിലാണ് ട്രാവല്‍ ഏജന്റിനെതിരെ കേസിനു പോകാൻ ചിലര്‍ മുന്നോട്ടുവരുന്നത്. വിമാന കമ്ബനിക്കെതിരെയാണ് പ്രതിഷേധവും പരാതിയും നല്‍കേണ്ടതെന്നും ഞങ്ങള്‍ വെറും ഏജന്റ് മാത്രമാണെന്നുമാണ് ട്രാവല്‍ ഏജന്റ് വൃത്തങ്ങള്‍ പറയുന്നത്. റദ്ദാക്കിയ സര്‍വിസിന്റെ ടിക്കറ്റ് തുക പോയന്റ് ഓഫ് സെയില്‍സ് വഴി തിരിച്ചുനല്‍കുമെന്നായിരുന്നു വിമാന കമ്ബനി അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ വിവരം.
ബാങ്ക് ട്രാൻസ്ഫര്‍, യു.പി.ഐ, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി ഏത് പോയന്റിലൂടെയാണോ ടിക്കറ്റ് തുക ഗോ ഫസ്റ്റിന് നല്‍കിയത്, അതേ സെയില്‍സ് പോയന്റിലേക്ക് തുക തിരിച്ചുനല്‍കുമെന്നായിരുന്നു വിശദീകരണം. എന്നാല്‍, ഇതുവരെയും തുക തിരിച്ചു നിക്ഷേപിച്ചിട്ടില്ല. വിറ്റ ടിക്കറ്റിന്റെ തുക ട്രാവല്‍ ഏജൻസികള്‍ക്ക് ഗോ ഫസ്റ്റ് അനുവദിച്ച പോര്‍ട്ടലില്‍തന്നെ തിരിച്ചു നിക്ഷേപിക്കുമെന്നാണ് പറഞ്ഞിരുന്നത്.