ഗാന്ധിനഗർ: പശുവിനെ ഇരയായി നല്കി സിംഹത്തെ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഗുജറാത്തിൽ 12 പേര്‍ക്കെതിരെ കേസ്. ഒരു തൂണില്‍ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ച് കീറി തിന്നുന്നതായുള്ള പ്രദര്‍ശനം കാണാനായി നിരവധിപ്പേരാണ് എത്തിയിരുന്നത്. നവംബര്‍ ആദ്യ ആഴ്ചയിലായിരുന്നു ഗിര്‍ വനമേഖലയിലെ ജുനാഗഡില്‍ വിവാദമായ പ്രദര്‍ശനം നടന്നത്. പ്രദര്‍ശനത്തിലെ ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ പകര്‍ത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
സിംഹങ്ങളുടെ പേരില്‍ പ്രസിദ്ധമായ ഗിര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗവും സാസന്‍ ഗിര്‍ എന്ന പേരിലും അറിയപ്പെടുന്ന ദേവാലിയ പ്രദേശത്തായിരുന്നു മൃഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനം നടന്നത്. പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇതില്‍ മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി നടത്തിയ മൃഗ പ്രദര്‍ശനത്തില്‍ സിംഹത്തെ ആകര്‍ഷിക്കാനായി പശുവിനെയാണ് ഒരു തൂണില്‍ കെട്ടിയിട്ടത്.
തൂണില്‍ കെട്ടിയിട്ട നിലയിലുണ്ടായ പശുവിനെ സിംഹം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അല്പദൂരം മാറി ഇരുന്നാണ് കാണികള്‍ കണ്ടത്. ഇതും വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത്തരത്തില്‍ പ്രദര്‍ശനം നടത്താന്‍ അനുമതിയില്ലെന്ന് ജുനാഗഡ് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ എസ് കെ ബെര്‍വാള്‍ പറയുന്നു. നവംബര്‍ എട്ടിന് നടന്നത് സിംഹ പ്രദര്‍ശനം ആണെന്നും വനംവകുപ്പ് വിശദമാക്കി.
പുറത്തുനിന്നുള്ള ആളുകള്‍ക്ക് വേണ്ടിയാണോ ഇത്തരം പ്രദര്‍ശനം തയ്യാറാക്കിയതെന്ന് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദര്‍ശനം ഒരുക്കിയ പ്രധാനപ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. ഈ വര്‍ഷം ആദ്യം സമാനമായ രീതിയില്‍ പ്രദര്‍ശനം ഒരുക്കിയതിന് ഗിര്‍ സോംനാഥ് കോടതി ആറ് പേരെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. കോഴിയെ കെട്ടിയിട്ടായിരുന്നു സിംഹത്തെ ആകര്‍ഷിച്ചത്.