ഗുരുവായൂരപ്പന്റെ ഥാര്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം, കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ 18ന് പരസ്യലേലത്തിന്, അടിസ്ഥാന വിലയും ഇട്ടു

December 10, 2021
273
Views

ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ പരസ്യലേലത്തിലൂടെ വില്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ എഡിഷന്‍ ഥാര്‍ വഴിപാടായി സമര്‍പ്പിച്ചത്. വിവരം അറിഞ്ഞത് മുതല്‍ ധാരാളം ഭക്തര്‍ ഥാര്‍ വാങ്ങാന്‍ ആഗ്രഹമറിയിച്ച്‌ ദേവസ്വത്തെ സമീപിച്ചു. ഇത് പരിഗണിച്ചാണ് പൊതുലേലം നടത്തി വാഹനം വില്‍ക്കാന്‍ ദേവസ്വം തീരുമാനിച്ചത്. 15 ലക്ഷമാണ് അടിസ്ഥാന വില. ഈ മാസം 18ന് ഉച്ചയ്ക്ക് 3ന് ക്ഷേത്രം കിഴക്കേനടയില്‍ ദീപസ്തംഭത്തിന് സമീപം ലേലം നടക്കും.

അതേസമയം തുലാഭാരത്തിനുള്ള വെള്ളി, ചന്ദനം എന്നീ ദ്രവ്യങ്ങളുടെ നിരക്ക് കുറയ്ക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ചന്ദനം കിലോഗ്രാമിന് 10,000 രൂപയും വെള്ളിക്ക് 20,000 രൂപയായും നിജപ്പെടുത്തി. ക്ഷേത്രത്തില്‍ നെയ് വിളക്ക് ശീട്ടാക്കി വരുന്നവര്‍ക്കുള്ള ദര്‍ശന വഴിയില്‍ മറ്റാരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട് , തന്ത്രി പി.സി ദിനേശന്‍ നമ്ബൂതിരിപ്പാട്, എ.വി. പ്രശാന്ത് , കെ. അജിത്, കെ.വി. ഷാജി, ഇ.പി.ആര്‍ വേശാല, അഡ്വ.കെ.വി. മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ സന്നിഹിതരായി.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *