ഇന്ത്യയും സൗദിയും തമ്മില്‍ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു.
റിയാദ്: ഇന്ത്യയും സൗദിയും തമ്മില്‍ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു. ജിദ്ദയില്‍ നടന്ന ചടങ്ങില്‍ സൗദി ഹജ്ജ്-ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ.
തൗഫീഖ് ബിൻ ഫൗസാൻ അല്‍ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സന്നിഹിതനായിരുന്നു.
ഹജ് തീര്‍ഥാടനം സുഗമമാക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ സൗദി പ്രതിനിധി സംഘം പ്രശംസിച്ചു. തീര്‍ഥാടകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അഭിനന്ദനീയമാണെന്ന് സൗദി പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് തനിച്ച് ഹജ് നിര്‍വഹിക്കാൻ പ്രോല്‍സാഹനം നല്‍കുന്നത് ലിംഗസമത്വം ഉറപ്പാക്കുന്ന ഇന്ത്യൻ നിലപാടിന്റെ ഭാഗമായാണെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്നുള്ള മുഴുവൻ തീര്‍ഥാടകരുടെയും സമഗ്ര ക്ഷേമം ഉറപ്പാക്കുന്നതിനും ആരോഗ്യസേവനം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ മന്ത്രിതല ചര്‍ച്ചയില്‍ നടന്നു. ഇന്ത്യൻ അംബാസഡര്‍ ഡോ. സുഹൈല്‍ ഖാൻ, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.