ഹമാസിനെ തുടച്ചുനീക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഗസ്സയില്‍ വ്യോമ, നാവിക, കര ആക്രമണങ്ങള്‍ തുടരുകയാണ് ഇസ്രായേല്‍.
ഗസ്സ സിറ്റി: ഹമാസിനെ തുടച്ചുനീക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഗസ്സയില്‍ വ്യോമ, നാവിക, കര ആക്രമണങ്ങള്‍ തുടരുകയാണ് ഇസ്രായേല്‍.
വടക്കൻ ഗസ്സയില്‍ ഏകദേശം ലക്ഷ്യം പൂര്‍ത്തിയായെന്ന് ഇസ്രായേല്‍ സേന അവകാശപ്പെടുകയും ചെയ്യുന്നു. താമസ കെട്ടിടങ്ങളേറെയും തകര്‍ത്തവര്‍ ഒടുവില്‍ ജനം തിങ്ങിക്കഴിയുന്ന അഭയാര്‍ഥി ക്യാമ്ബുകളും ആശുപത്രികളുമാണ് ലക്ഷ്യമിടുന്നത്.
അതിനിടെയും പറയത്തക്ക ആയുധബലമോ സംവിധാനങ്ങളോ ഇല്ലാത്ത ഹമാസ് പ്രത്യാക്രമണവുമായി ഇപ്പോഴും കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്. ഹമാസും ഗസ്സയും ഇനി ഫലസ്തീനികള്‍ക്കില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം സാക്ഷാത്കരിക്കാൻ എത്ര സമയമെടുക്കുമെന്നതാണ് ചോദ്യം.
ഹമാസ് പ്രവര്‍ത്തിക്കുന്ന തുരങ്കശ്രംഖലകളാണ് ഇസ്രായേല്‍ സേനക്കു മുന്നിലെ വലിയ വെല്ലുവിളി. അതിസൂക്ഷ്മമായി നിര്‍മിച്ചെടുത്ത, എട്ടുകാലി വലകള്‍ കണക്കെ പരസ്പര ബന്ധിതമായ പ്രവിശാലമായ തുരങ്കങ്ങളില്‍ ചിലത് തകര്‍ക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ സേന അവകാശപ്പെടുന്നു. ഒരു മാസം കഴിഞ്ഞും ഇവക്കകത്തു കയറി എന്തെങ്കിലും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല.
അതിനാല്‍, മാസങ്ങളേറെ എടുത്തുള്ള ദീര്‍ഘമായ പ്രക്രിയയാകും അവ പൂര്‍ണമായി തുടച്ചുനീക്കലെന്ന് തുര്‍ക്കിയിലെ അറ്റ്ലാന്റിക് കൗണ്‍സില്‍ സീനിയര്‍ ഫെലോ റിച്ചാര്‍ഡ് ഊറ്റ്സെൻ പറയുന്നു.
‘മെട്രോ’യെന്നാണ് ഹമാസ് തുരങ്കങ്ങളെ ഇസ്രായേല്‍ വിളിക്കുന്നത്. ഗസ്സയിലുടനീളം നൂറുകണക്കിന് കിലോമീറ്റര്‍ നീളത്തില്‍ ഇവ വ്യാപിച്ചുകിടക്കുന്നുണ്ട്. 2021ലെ ഇസ്രായേല്‍ സേന കണക്കുകൂട്ടലില്‍ 300 കിലോമീറ്റര്‍ നീളമെങ്കിലുമുണ്ട് അവക്ക്. ശരാശരി 15 മുതല്‍ 60 മീറ്റര്‍ വരെയാണ് താഴ്ച. ഓക്സിജൻ ടാങ്കുകള്‍, ജലവിതരണ പൈപ്പുകള്‍, വൈദ്യുതി വിളക്കുകള്‍ തുടങ്ങിയവയെല്ലാം സജ്ജീകരിച്ചവയാണിവ.
ചുറ്റും കോണ്‍ക്രീറ്റിലുറപ്പിച്ച് ഭൂഗര്‍ഭ ഓഫിസും ആയുധപ്പുരയുമടക്കം ഇവയിലുണ്ട്. ചിലയിടങ്ങളില്‍ ഇവക്ക് താഴ്ച കുറവാണ്. അവ മിസൈല്‍ വര്‍ഷിച്ച് തകര്‍ക്കലും എളുപ്പം. എന്നാല്‍, മറ്റിടങ്ങളിലാണ് ബന്ദികളെയുള്‍പ്പെടെ പാര്‍പ്പിച്ചിരിക്കുന്നത്. ഏതുതരം കാഴ്ചക്കും വഴങ്ങാതെ, അതിവേഗ ആക്രമണം നടത്താൻ സഹായിക്കുന്നതുകൂടിയാണ് ഈ തുരങ്കങ്ങള്‍.
കഴിഞ്ഞ 17 വര്‍ഷം ഗസ്സ ഭരിച്ചതിനൊപ്പം അവിടെ ഏറ്റവും മനോഹരമായ കിടങ്ങുകള്‍ നിര്‍മിക്കുകകൂടിയായിരുന്നു ഹമാസെന്ന് കിങ്സ് കോളജ് ലണ്ടൻ അസോസിയേറ്റ് പ്രഫസര്‍ ആൻഡ്രിയാസ് ക്രീഗ് പറയുന്നു. 1980കളില്‍ ഈജിപ്തില്‍നിന്ന് ചരക്കുകള്‍ എത്തിക്കാൻ ആദ്യമായി നിര്‍മിച്ചുതുടങ്ങിയ തുരങ്കങ്ങളാണ് പിന്നീട് കൂടുതല്‍ ആഴവും സൂക്ഷ്മതയുമുള്ള സൈനിക സംവിധാനം കൂടിയായി മാറിയത്.
ആദ്യമായി തുരങ്കം ഉപയോഗിച്ച് ആക്രമണം നടക്കുന്നത് 2001ലാണ്. ഇസ്രായേല്‍ സൈനിക പോസ്റ്റ് ഭൂഗര്‍ഭ അറയില്‍നിന്നുള്ള ബോംബ് ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു അന്ന്. അതും കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇത് ഏറെ വളര്‍ന്ന സംവിധാനമാണെന്ന് ഇസ്രായേല്‍ തിരിച്ചറിയുന്നത്.
അതും ഇസ്രായേല്‍ സൈനികൻ ഗിലാദ് ഷാലിതിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയപ്പോള്‍. 2007ല്‍ ഗസ്സയില്‍ ഹമാസ് അധികാരം പിടിച്ചതോടെ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുരങ്കങ്ങളുടെ സാധ്യത വര്‍ധിപ്പിച്ചു. ഭക്ഷണം, ചരക്കുകള്‍, ആയുധങ്ങള്‍ എന്നിവക്കൊപ്പം സിംഹങ്ങള്‍വരെ ഇതുവഴിയെത്തി. പട്ടണത്തിനടിയില്‍ ഒരു പട്ടണം നിര്‍മിക്കുകയായിരുന്നു ഹമാസ്.
ആശുപത്രികളുള്‍പ്പെടെ കേന്ദ്രങ്ങള്‍ക്കു താഴെ ഹമാസ് തുരങ്കങ്ങള്‍ പണിതോയെന്നത് ഇനിയും വ്യക്തത വരാത്തതാണെങ്കിലും അതിന്റെ പേരിലാണ് ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫ അടക്കം ഇസ്രായേല്‍ ആക്രമിച്ച് എണ്ണമറ്റ നിരപരാധികളുടെ ജീവനെടുക്കുന്നത്.
ഇത്തരം തുരങ്കങ്ങള്‍ വ്യോമാക്രമണം വഴി തകര്‍ക്കല്‍ എളുപ്പമല്ലെന്ന് സൈനിക വിദഗ്ധര്‍ പറയുന്നു. പ്രവേശന ഭാഗങ്ങള്‍ ഇല്ലാതാക്കാമെന്നതാണ് എളുപ്പം. അതുപോലും എളുപ്പമാകില്ലെന്നതാണ് വസ്തുത.