അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ഹരിതകര്‍മസേന.
പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ഹരിതകര്‍മസേന.
പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന്, ആര്‍ജിഎസ്എ എന്നിവയുടെ സംയുക്ത സംഘാടനത്തിലൂടെയാണ് ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം വ്യാഴാഴ്ച വൈകിട്ടാണ് ജന്മനാടായ പുതുപ്പള്ളിയില്‍ എത്തിച്ചത്. തിരക്കു നിയന്ത്രിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്കാനുമായി പോലീസുകാര്‍ക്കൊപ്പം ഹരിതകര്‍മസേനയും ചേര്‍ന്നു.
പുതുപ്പള്ളി, കുറിച്ചി, പനച്ചിക്കാട്, വിജയപുരം, മണര്‍കാട് തുടങ്ങിയ പഞ്ചായത്തുകളിലെ ഹരിതകര്‍മ സേനാംഗങ്ങളാണ് സേവനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചത്. അഞ്ച് പഞ്ചായത്തുകളില്‍ നിന്നുമായി നൂറ്റി എഴുപത്തിയഞ്ചോളം ഹരിതകര്‍മസേനാംഗങ്ങളാണ് പുതുപ്പള്ളിയില്‍ എത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്, ബസ് സ്റ്റാന്‍ഡ്, പള്ളി, പുതുപ്പള്ളി ടൗണ്‍ തുടങ്ങിയ വിവിധ പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതില്‍ ഹരിതകര്‍മസേന മുന്നില്‍നിന്നു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസുകാര്‍ക്കൊപ്പം മനുഷ്യച്ചങ്ങല തീര്‍ത്തും ഭൗതികശരീരം കാണുവാനായി എത്തിയവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാനും ഹരിതകര്‍മ സേനാംഗങ്ങള്‍ ഉണ്ടായിരുന്നു.
കുടിവെള്ള വിതരണത്തിനു ശേഷം അവശേഷിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റും ഹരിതകര്‍മസേന സമയബന്ധിതമായി നീക്കം ചെയ്തു. സംസ്കാര ചടങ്ങുകള്‍ക്ക് പിന്നാലെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും പുതുപ്പള്ളിയിലെ പഞ്ചായത്ത് വക എംസിഎഫിലേക്കു മാറ്റി.