ഹർക്കത്ത് 313: ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി ഉയർത്തി പുതിയ ഭീകരസംഘടന; സുരക്ഷ ശക്തം

October 16, 2021
134
Views

ന്യൂ ഡെൽഹി: ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി ഉയർത്തി ഹർക്കത്ത് 313. പുതിയ ഭീകരസംഘടനയായ ഹർക്കത്ത് 313 വിഭാഗത്തിൽപ്പെട്ട വിദേശ തീവ്രവാദികൾ കശ്മീർ താഴ്വരയിൽ കടന്നതായി സൂചന. ഇവർ കശ്മീർ താഴ്വരയിലെ ക്രമസമാധാന നില തകർക്കാനായി സർക്കാർ സംവിധാനങ്ങൾ ലക്ഷ്യം വച്ചേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെ തുർന്ന് സുരക്ഷ ശക്തമാക്കി.

‘ഈ ഗ്രൂപ്പിനെ കുറിച്ച് നമ്മൾ കേൾക്കുന്നത് തന്നെ ഇതാദ്യമാണ്. ഈ സംഘത്തിൽ വിദേശ ഭീകരർ മാത്രമാണുള്ളത് എന്നത് മാത്രമാണ് അവരെക്കുറിച്ച് ഈ ഘട്ടത്തിൽ നമുക്കറിയാവുന്നത്.’ താഴ്വരയിലേക്ക് പാകിസ്താൻ ഭീകരരെ അയക്കുന്ന ലഷ്കർ-ഇ-തോയ്ബയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുകമറയാണോ ഈ സംഘടന എന്നുള്ള കാര്യത്തിൽ സംശയമുണ്ടെന്നും വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഒരു മുതിർന്ന സുരക്ഷാ സ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ജലവൈദ്യുത പദ്ധതികൾ, ശ്രീനഗർ വിമാനത്താവളം, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.

ഹർക്കത്ത് 313 എന്ന ഗ്രൂപ്പിനെക്കുറിച്ചും അവർക്ക് സഹായം നൽകുന്നവരെക്കുറിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് ഇന്റലിജൻസ്. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ഈ പുതിയ ഗ്രൂപ്പിന്റെ രംഗപ്രവേശമെന്നുള്ളതും ശ്രദ്ധേയമാണ്.

ശ്രീനഗർ വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്. ജൂൺ 28ന് വ്യോമസേനാ താവളത്തിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്ത് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ്, സിഐഎസ്എഫ് എന്നിങ്ങനെ വിവിധ ഏജൻസികൾ ഉൾപ്പെടുന്ന നിരവധി സുരക്ഷാ അവലോകന യോഗങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി ശ്രീനഗർ വിമാനത്താവളത്തിൽ നടന്നു.

അതേസമയം, ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനുള്ള പാക് ശ്രമം തടയാൻ ബിഎസ്എഫും സൈന്യവും അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിൽ ഏഴ് സൈനികരാണ് വീരമൃത്യു വരിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *