കാവേരി ജല തര്‍ക്കം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, ബംഗളൂരുവില്‍ നിരോധനാജ്ഞ

September 29, 2023
34
Views

കാവേരി ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദ്.

ബംഗളൂരു: കാവേരി ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെ നടക്കുന്ന ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും.

കന്നഡ-കര്‍ഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നല്‍കുന്നത്. കര്‍‌ഷക സംഘടനകള്‍‌, കന്നഡ ഭാഷ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അക്രമ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവില്‍ വ്യാഴാഴ്‌ച രാത്രി 12 മുതല്‍ വെള്ളിയാഴ്‌ച രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൈസൂരു, മാണ്ഡ്യ മേഖലകളില്‍ ബന്ദ് തീവ്രമാകുമെന്നാണ് കരുതുന്നത്. രാവിലെ 11-ന് സംസ്ഥാനത്തെ ദേശീയ പാതകളുള്‍പ്പെടെ പ്രധാനപാതകളില്‍ വാഹനങ്ങള്‍ തടയുമെന്ന് കര്‍ണാടക ജലസംരക്ഷണസമിതി അറിയിച്ചു. കേരളത്തില്‍ നിന്ന് മൈസൂരു വഴി വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും.

ഓണ്‍ലൈൻ ഓട്ടോ-ടാക്സികള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തില്ല. ബെംഗളൂരുവിലെ ഹോട്ടലുകള്‍ തുറക്കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചു. തിയേറ്ററുകളും പ്രവര്‍ത്തിക്കില്ല. സ്വകാര്യ സ്കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചു. അതേസമയം അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് അറിയിച്ചിരിക്കുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *