ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നായബ് സിങ് സെയ്‌നി

March 12, 2024
40
Views

ചണ്ഡിഗഢ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടറിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ബി.ജെ.പി നേതാവ് നായബ് സിങ് സെയ്‌നി.

ബി.ജെ.പി-ജെ.ജെ.പി (ജൻനായക് ജനത പാർട്ടി) സഖ്യം തകർന്നതിനെ തുടർന്നായിരുന്നു ഖട്ടർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സെയ്നിക്ക് പുറമെ ബി.ജെ.പി നേതാക്കളായ കൻവർ പാല്‍, മൂല്‍ ചന്ദ് ശർമ്മ, ജയ് പ്രകാശ് ദലാല്‍, ബൻവാരി ലാല്‍, സ്വതന്ത്ര എം.എല്‍.എ രഞ്ജിത് സിങ് ചൗട്ടാല എന്നിവരും പുതിയ മന്ത്രി സഭയില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

കുരുക്ഷേത്ര മണ്ഡലത്തിലെ എം.പി കൂടിയാണ് സെയ്‌നി. 90 അംഗ ഹരിയാന നിയമസഭയില്‍ 41 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. കേവലഭൂരിപക്ഷത്തിന് 46 എം.എല്‍.എമാരുടെ പിന്തുണ വേണ്ടതിനാല്‍ പത്ത് എം.എല്‍.എമാരുള്ള ജെ.ജെ.പിയുടെ പിന്തുണയിലാണ് ബി.ജെ.പി ഭരിച്ചിരുന്നത്. ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയും രണ്ടുപേരെ മന്ത്രിയുമാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന് 30 അംഗങ്ങളാണുള്ളത്.

ലോക്സഭ സീറ്റിനെ ചൊല്ലി ഇരുപാർട്ടികളും തമ്മില്‍ തർക്കം രൂക്ഷമായതോടെയായിരുന്നു ഖട്ടറിൻറെ രാജി. രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി തള്ളിയതോടെയാണ് തർക്കം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 സീറ്റുകളിലും ബി.ജെ.പിയാണ് ജയിച്ചത്. ഹിസാർ, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. എന്നാല്‍, സിറ്റിങ് സീറ്റുകള്‍ വിട്ടുതരില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയതോടെ ഒറ്റക്ക് മത്സരിക്കുമെന്ന് ജെ.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളില്‍ മത്സരിച്ച അവർ 4.9 ശതമാനം വോട്ട് നേടിയിരുന്നു. രാജിവെച്ച ഖട്ടർ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന. കർണ മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *