ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്ത് സിറ്റി: ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നതായ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. ലംഘനം കണ്ടാല്‍ മന്ത്രാലയത്തിന്‍റെ വാട്‌സ്‌ആപ് (24936192) വഴി അറിയിക്കണമെന്ന് മാൻപവര്‍ അതോറിറ്റി അഭ്യര്‍ഥിച്ചു.
മാൻപവര്‍ അതോറിറ്റിയിലെ തൊഴില്‍ സുരക്ഷവിഭാഗം ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ പരിശോധന സജീവമാക്കിയിട്ടുമുണ്ട്. നിയമലംഘകരോട് വിട്ടുവീഴ്ച കാണിക്കില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കടുത്ത ചൂട് കണക്കിലെടുത്ത് രാജ്യത്ത് പുറംജോലികള്‍ക്ക് രാവിലെ 11 മുതല്‍ നാലുവരെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ മാസം ഒന്നുമുതല്‍ ഇതു പ്രാബല്യത്തിലുണ്ട്. വേനല്‍ചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ചസമയത്ത് വിശ്രമം നിര്‍ബന്ധമാക്കിയത്.
കനത്ത ചൂട് നിലനില്‍ക്കുന്ന ആഗസ്റ്റ് 31വരെ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക് തുടരും. അതേസമയം രാജ്യത്ത് ഉയര്‍ന്ന ചൂട് തുടരുകയാണ്. 45 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പകല്‍ ശരാശരി താപനില. രാത്രിയും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. വരുംദിവസങ്ങളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ വിഭാഗം നല്‍കുന്ന സൂചന.
കാറ്റ് വീശാനും പൊടിപടലങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്താണ് കുവൈത്ത്.