തിരുവനന്തപുരം: സംസ്ഥാന വ്യാപകമായിഇന്നലെ വൈകുന്നേരം തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ ഡാമുകള്‍ നിറഞ്ഞതിനെതുടര്‍ന്ന് ഷട്ടറുകള്‍ തുറന്നു. പീച്ചി ഡാമിന്റെ ഷട്ടര്‍ നാല് ഇഞ്ച് ഉയര്‍ത്തി. മണലിപ്പുഴ, ഇടതുകര വലതുകര കനാലിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മഴക്കെടുതിയില്‍ ഇതുവരെ മൂന്ന് മരണം സ്ഥിരീകരിച്ചു.
മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ മഴക്കെടുതികള്‍. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ടുകുട്ടികള്‍ മരിച്ചു. മതാകുളത്തെ അബുബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. . തെന്മല നാഗമലയില്‍ തോട്ടില്‍ വീണ് ഒരാള്‍ മരിച്ചു.
നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജാണ് മരിച്ചത്.പാലക്കാട് പറമ്ബിക്കുളം തൂണക്കടവ് ഡാമുകളും തുറന്നു. പറമ്ബിക്കുളത്തിന്റെ രണ്ട് ഷട്ടറുകളും ഒരു മീറ്റര്‍ 70 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. തൂണക്കടവ് ഡാമിന്റെ രണ്ട് ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് ഡാമുകളില്‍ നിന്നുള്ള വെള്ളം ചാലക്കുടി പുഴയിലേക്കാണ് എത്തുക. പറമ്ബിക്കുളം ഡാമിന്റെ ഒരു ഷട്ടര്‍ നേരത്തെ തുറന്നിരുന്നു.കോഴിക്കോട് ചിന്താവളപ്പില് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ അത്യാവശ്യക്കാരല്ലാതെ നഗരത്തിലേക്ക് വരരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.