തിരുവനന്തപുരം: സംസ്ഥാനത്ത് 12 ഇടങ്ങളില്‍ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലിനമായ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിന് പിന്നില്‍.
എല്ലാവരും ഹൈറിസ്ക് കാറ്റഗറിയിലാണെന്ന് കരുതി പ്രതിരോധമരുന്നുകള്‍ കഴിക്കണമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. സെക്കൻഡറി ഇൻഫെക്ഷൻ ഉണ്ടാകുന്നതായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരായ വ്യക്തി ആറാഴ്ച വരെ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ മറ്റൊരാള്‍ക്ക് പകരാതെ സൂക്ഷിക്കണം.
പനിയുടെ എണ്ണം മുൻവർഷത്തേക്കാള്‍ കുറവാണ്. പക്ഷേ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികള്‍ വരാതിരിക്കാനുള്ള ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. ശുചീകരണ പ്രവർത്തനം നടത്തിയില്ലെങ്കില്‍ രോഗവ്യാപനം കൂടുമെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി മാസത്തില്‍ത്തന്നെ ആരോഗ്യജാഗ്രതാ കലണ്ടർ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച് കൃത്യമായ നിർദേശങ്ങള്‍ ഓരോ ഘട്ടത്തിലും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
ഈ വർഷം ജൂലൈ ആകുന്നതോടെ ഡെങ്കിപ്പനി കൂടാനുള്ള സാധ്യതയുണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നു. അതുസംബന്ധിച്ച മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പെടെയുള്ളവ പ്രതിരോധിക്കുന്നതില്‍ ശുചിത്വമാണ് പ്രധാനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നത് എലിപ്പനിക്ക് കാരണമാകാം. ഇപ്പോള്‍ ശുചീകരണപ്രവർത്തനങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ രോഗവ്യാപനം കൂടുമെന്നും മന്ത്രി പറഞ്ഞു.
ജാഗ്രത പുലർത്തണം
മലിനമായ സ്രോതസ്സുകളില്‍നിന്നുള്ള വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തബാധയ്ക്ക് കാരണമാകുന്നത്. മഞ്ഞപ്പിത്തവ്യാപനത്തിനെതിരേ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്..
കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. ഇതിന്റെ (എ), (ഇ) വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. (ബി), (സി), (ഡി) എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാൻ കൂടുതല്‍ ദിവസമെടുക്കും. എ, ഇ വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 60 ദിവസം വരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങള്‍ക്ക് 15 മുതല്‍ ആറുമാസം വരെ നീണ്ടേക്കാം.
നമ്മുടെ നാട്ടില്‍ കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ, ഇ വിഭാഗം മഞ്ഞപ്പിത്തമാണ്. കുഞ്ഞുങ്ങള്‍ക്ക് ഇത് അത്ര ഗുരുതരമാവാറില്ലെങ്കിലും പ്രായപൂർത്തിയായവരില്‍ പലപ്പോഴും ഗൗരവമാകാറുണ്ട്.
പ്രതിരോധിക്കാം ഇങ്ങനെ…
ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, കുഞ്ഞുങ്ങളുടെ കൈയിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക, മലവിസർജനത്തിനു ശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക, തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങളുടെ വിസർജ്യങ്ങള്‍ സുരക്ഷിതമായി നീക്കംചെയ്യുക, വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക, ഈച്ചശല്യം ഒഴിവാക്കുക, കന്നുകാലിത്തൊഴുത്തുകള്‍ കഴിവതും വീട്ടില്‍നിന്ന് അകലെയായിരിക്കണം, പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക, പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക, പഴവർഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കാൻ ഉപയോഗിക്കുക, വെള്ളം എപ്പോഴും അടച്ചുസൂക്ഷിയ്ക്കുക, ഇടയ്ക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക, കുടിവെള്ള പമ്ബിങ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുക, ഉത്സവങ്ങള്‍, കല്യാണങ്ങള്‍ മറ്റ് ആഘോഷങ്ങള്‍ എന്നിവ നടക്കുന്ന സമയമായതിനാല്‍ പൊതുസ്ഥലങ്ങളില്‍ നിന്നും മറ്റും വാങ്ങി കഴിക്കുന്ന ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തണം, പാനീയങ്ങള്‍ തയ്യാറാക്കുന്നവരും വില്‍പ്പന നടത്തുന്നവരും വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഐസ്ബ്ലോക്കുകള്‍ ഉപയോഗിക്കരുത്, ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുക.