കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധമില്ലെന്ന് ഹൈബി ഈഡന്‍ എം.പി. കേസിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്നും, ഒരിക്കല്‍ മാത്രമാണ് മോന്‍സണിന്റെ വീട്ടില്‍ പോയതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
മോന്‍സന്റെ മ്യൂസിയം കണ്ടിട്ടില്ല. പ്രവാസി സംഘടനയുടെ ഭാരവാഹികള്‍ ക്ഷണിച്ചപ്പോഴാണ് വീട്ടില്‍ പോയത്. തനിക്കെതിരെ അനാവശ്യമായ ആരോപണം ഉന്നയിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഹൈബി വ്യക്തമാക്കി.
അതേസമയം, വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കൂടുതല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വരുന്നു. മോന്‍സണിന്റെ സാമ്ബത്തിക ഇടപാടുകളില്‍ അടക്കം ദുരൂഹതയെന്നായിരുന്നു റിപ്പോര്‍ട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വ്യാജ കോടതി ഉത്തരവ് ഉള്‍പ്പെടെ തയ്യാറാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.
ഫെമ കേസുകള്‍ കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണല്‍ ഉത്തരവ് മോന്‍സണ്‍ വ്യാജമായി ഉണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതിന് പുറമെ വ്യാജ ബാങ്ക് രേഖകളും ഇയാള്‍ തയ്യാറാക്കിയിരുന്നു. ഇടപാടുകാരെ വിശ്വസിപ്പിക്കാനാണ് 26,200 കോടി അക്കൗണ്ടിലുണ്ടെന്ന വ്യാജ ബാങ്ക് രേഖയാണ് മോന്‍സണ്‍ ഉപയോഗിച്ചിരുന്നത് എന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.