പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി; റാങ്ക് പട്ടിക നീട്ടാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

August 3, 2021
253
Views

ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ വിധി ഹൈക്കോടതി റദ്ദാക്കി. ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്ത് പി.എസ്.സി നല്‍കിയ അപ്പീലിലാണ് കോടതി നടപടി. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസമുണ്ടാകരുതെന്ന് ഹൈക്കോടതി പി.എസ്.സിക്ക് നിര്‍ദേശം നല്‍കി.

റാങ്ക് പട്ടികയുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്ന് ഹരജി പരിഗണിക്കവെ ഹൈക്കോടതി ചോദിച്ചിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്ത് നില്‍ക്കുമ്ബോള്‍ ഇനിയും കാലാവധി നീട്ടേണ്ട ആവശ്യമുണ്ടോയെന്നും കോടതി ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും നിലവിലെ റാങ്ക് ലിസ്റ്റ് നീട്ടരുതെന്നും പുതിയ നിയമനങ്ങള്‍ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പി.എസ്.സി കോടതിയെ അറിയിച്ചു. റാങ്ക് ലിസ്റ്റില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് നിയമപരമായി ഇടപെടനാകില്ലെന്നും പി.എസ്.സി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്. ആഗസ്റ്റ് മൂന്നിന് കാലാവധി അവസാനിക്കാനിരിക്കെ സെപ്തംബര്‍ 20 വരെയാണ് നീട്ടിയത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ നടപടി. ഇതിനെതിരെയാണ് പി.എസ്.സി കോടതിയെ സമീപിച്ചത്. ട്രിബ്യൂണലിന്റെ വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി കനത്ത തിരിച്ചടിയാണെന്നും നിയമപോരാട്ടം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു.

അതേസമയം, ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിതന്നെ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തില്‍ മാത്രമാണ് ഈ പ്രവണതയുള്ളത്. ബിരുദമൊക്കെ നേടിയാല്‍ മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും സര്‍ക്കാര്‍ ജോലിയെന്നത് അന്തിമമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പി.എസ്.സി ജോലിക്കായി മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യുവാവ് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *