കൊച്ചി: അശാസ്ത്രീയ ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി കേരള ഹൈക്കോടതി മാറ്റി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാണിച്ചു.
തീരുമാനം അറിഞ്ഞിട്ട് ഹര്‍ജി പരിഗണിക്കാമെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ അപ്രായോഗികമായ നിര്‍ദേശം ഉണ്ടെങ്കില്‍ അറിയിക്കാനും ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നും കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് പകരം രോഗബാധിതരുടെ വീടുകളും പരിസരവും വേര്‍തിരിച്ച് നിരിക്ഷിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
നികുതി, വാടക അടക്കമുള്ള ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. അതേസമയം, ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് പകരമായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.