പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട വെള്ളിങ്കിരി മല ക്ഷേത്രത്തിലേക്ക് യാത്ര നടത്തിയ മൂന്നു പേർ മരിച്ചു.
കോയമ്ബത്തൂർ: പശ്ചിമഘട്ട മലനിരകളില്‍പ്പെട്ട വെള്ളിങ്കിരി മല ക്ഷേത്രത്തിലേക്ക് യാത്ര നടത്തിയ മൂന്നു പേർ മരിച്ചു.
24 മണിക്കൂറിനിടെയാണ് മൂന്നു പേർ മരിച്ചത്. കുത്തനെയുള്ള മലകയറ്റത്തിനും ഇറക്കത്തിനും ഇടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശി ഡോ.സുബ്ബാറാവു (68), സേലം സ്വദേശി ത്യാഗരാജൻ (38), തേനി സ്വദേശി പാണ്ഡ്യൻ (40) എന്നിവരാണു മരിച്ചത്. ഇതില്‍ സുബ്ബാറാവു, ത്യാഗരാജൻ എന്നിവർ ഞായറാഴ്ചയും പാണ്ഡ്യൻ തിങ്കളാഴ്ച രാവിലെയുമാണു മരിച്ചത്.
കഴിഞ്ഞ ഒന്നരമാസത്തിനിടെ ക്ഷേത്രത്തിലേക്ക് മലകയറുന്നതിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. 24 വയസ്സുള്ള വേലൂർ സ്വദേശിയും 22 വയസ്സുള്ള കോയമ്ബത്തൂർ സ്വദേശിയുമാണു നേരത്തെ മരിച്ചത്. ബോലുവാംപട്ടി റേഞ്ചിലെ പൂണ്ടി വെള്ളിങ്കിരി മലയിലേക്ക് കയറാൻ ഫെബ്രുവരി 12നാണ് അനുമതി നല്‍കിയത്.
6.5 കിലോമീറ്റർ നീളമുള്ള, കുത്തനെ കയറ്റിറക്കങ്ങളുള്ള 7 മലകള്‍ കയറിയിറങ്ങി വേണം ഈ ക്ഷേത്രത്തിലെത്താൻ. മല കയറുന്നതിനിടെ ഉണ്ടായ കടുത്ത ശ്വാസതടസ്സമാണു എല്ലാവരുടേയും മരണകാരണം. ശ്വാസതടസ്സം കാരണം വഴിയില്‍ ബുദ്ധിമുട്ടുണ്ടായാലും താഴേക്ക് എത്തിച്ച് ചികിത്സ നല്‍കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്.
ഡോക്ടറായ സുബ്ബാറാവു സുഹൃത്തുക്കളോടൊപ്പം മലകയറുന്നതിനിടെ നാലാമത്തെ മലയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. അടിവാരത്ത് വിവരം അറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തി പരിശോധിക്കുമ്ബോഴേക്കും മരിച്ചിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായ ത്യാഗരാജൻ ഒന്നാമത്തെ മല ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച രണ്ടാമത്തെ മല കയറുന്നതിനിടെയാണ് പാണ്ഡ്യൻ കുഴഞ്ഞുവീണത്. സംഭവങ്ങളിലെല്ലാം വിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.