പഠനത്തില്‍ പിന്നിലുള്ളവര്‍ക്കായി ഇനി അധ്യാപകര്‍ വീട്ടിലെത്തും

March 29, 2024
41
Views

പഠനനിലവാരത്തില്‍ പിന്നിലുള്ള വിദ്യാർത്ഥികള്‍ക്കായി അധ്യാപകർ വീട്ടിലെത്തും

തിരുവനന്തപുരം: പഠനനിലവാരത്തില്‍ പിന്നിലുള്ള വിദ്യാർത്ഥികള്‍ക്കായി അധ്യാപകർ വീട്ടിലെത്തും. കുട്ടികളുടെ വീടുകളിലെത്തി പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം.

വേനലവധിക്കാലത്തായിരിക്കും സന്ദർശനം. ഇതിനായി അങ്കണവാടി, വായനശാല, സാമൂഹിക പഠനമുറി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ ക്ലാസുകള്‍ നടത്താൻ ‘വീട്ടുമുറ്റത്തെ വിദ്യാലയം’ എന്ന പദ്ധതി നടപ്പാക്കും.

ഒന്നുമുതല്‍ ഒമ്ബതുവരെ ക്ലാസുകളില്‍ കുട്ടികളുടെ വിജ്ഞാനശേഷി ഉറപ്പാക്കാനുള്ള പഠനപിന്തുണാ പരിപാടിക്കുള്ള മാർഗരേഖ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി.

നിലവിലെ ‘ഓള്‍ പാസ്’ രീതിയില്‍ മാറ്റമില്ല. പകരം, പഠനപിന്തുണാ പരിപാടി ഏപ്രില്‍, മേയ് മാസങ്ങളില്‍ പൂർത്തിയാക്കി കുട്ടികളുടെ പഠനമികവ് ഉറപ്പാക്കും. ഇതിനായി മേയ് അവസാനം നിലവാരപ്പരീക്ഷ നടത്തും. വാർഷികപരീക്ഷാ മാതൃകയില്‍ കുട്ടികളെ വിലയിരുത്തി തുടർപ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യാനാണ് നിർദേശം.

ഈ വർഷത്തെ പരീക്ഷയില്‍ ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും പഠനപിന്തുണ ആവശ്യമുള്ള കുട്ടികളുടെ പട്ടിക ക്ലാസ് ടീച്ചർ തയ്യാറാക്കണം. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ ഇ ഗ്രേഡും ഒമ്ബതാം ക്ലാസില്‍ ഡി, ഇ ഗ്രേഡുകളും നേടിയ കുട്ടികളെയാണ് പരിഗണിക്കുക.

ഉത്തരക്കടലാസുകള്‍വഴി കുട്ടികളുടെ കഴിവും പരിമിതിയും കണ്ടെത്തും. കുട്ടികളുടെ വീടുകള്‍ സന്ദർശിച്ച്‌ അധ്യാപകർ കണ്ടെത്തിയ പഠനപ്രശ്നങ്ങള്‍ പരിഹരിക്കാൻ ഏപ്രിലില്‍ സ്കൂള്‍തലവിശകലനം നടക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *