തിരുവനന്തപുരം: ചിറയൻകീഴ് ദുരഭിമാന മർദ്ദനത്തിൽ പ്രതി ഡോ: ഡാനിഷുമായി തെളിവെടുപ്പ് നടത്തി. മിഥുനെ മർദ്ദിച്ച അനത്തലവട്ടത്ത് പ്രതിയെ എത്തിച്ച് തെളിവുകൾ ശേഖരിച്ചു. ഇന്നലെ ഊട്ടിയിൽ നിന്നാണ് ഡാനിഷ് പിടിയിലായത്. ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നുമാണ് തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഡാനിഷിനെ അറസ്റ്റ് ചെയ്തത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ മിഥുൻ ദീപ്തിയെ പ്രണയിച്ച് വിവാഹം കഴിച്ചു. മറ്റൊരു മതത്തിൽപ്പെട്ട മിഥുനുമായുള്ള ദീപ്തിയുടെ വിവാഹത്തെ സഹോദരൻ ഡാനിഷ് എതിർത്തിരുന്നു. തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മിഥുനിനെ നടുറോഡിലിട്ട് ഡോ .ഡാനിഷ് തല്ലി ചതച്ചു.
ദീപ്തിയുടെ പരാതിക്ക് പിന്നാലെ ഡാനിഷിൻ്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തുവെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തില്ല. സംഭവം വിവാദമായതിന് പിന്നാലെ ഡാനിഷ് ഒളിവിൽ പോയി. രണ്ട് ദിവസമായി തമിഴ്നാട്ടിൽ ഡാനിഷിനുവേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നുമാണ് പൊലീസ് ഡാനിഷിനെ പിടികൂടിയത്. എസ്സി-എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടസ്സൽ നിയമനം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡാനിഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.