മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ആശുപത്രി കെട്ടിടം

January 27, 2024
38
Views

ആരോഗ്യമേഖലയില്‍ നടക്കുന്നത് സാധ്യത മനസിലാക്കിയുള്ളവികസന പ്രവര്‍ത്തനങ്ങള്‍: അഡ്വ. കെ. യു ജനീഷ്‌കുമാര്‍ എംഎല്‍എ

ആരോഗ്യമേഖലയില്‍ കോന്നി മണ്ഡലത്തില്‍ നടക്കുന്നത് ശ്രദ്ധയോടെ, സാധ്യത മനസിലാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണെന്ന് അഡ്വ.

കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ ജനങ്ങളുടെയും പഞ്ചായത്തുകളുടെയും മനസ് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മലയാലപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിന് വേണ്ട അനുമതി നേടി കഴിഞ്ഞു. പ്രദേശവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും പരിശോധന സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏഴുകോടി 62 ലക്ഷം രൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. ധാരാളം ഒപി ഉള്ള ഈ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനായി പൊതുമരാമത്ത് കെട്ടിട വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആംബുലന്‍സ് സൗകര്യവും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭ്യമാക്കി കഴിഞ്ഞു. കാഞ്ഞിരപ്പാറയിലും പുതുക്കുളത്തും ജനകീയാരോഗ്യകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ആരോഗ്യ മേഖലയില്‍ മാത്രമല്ല, മറ്റ് അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ സജീവമായി നടന്നു വരുകയാണ്. മലയാലപ്പുഴ പഞ്ചായത്തിലെ ഏറ്റവും പ്രധാന പ്രശ്‌നമായിരുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനായി 62 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. റോഡുകള്‍ നവീകരിക്കുന്നതിന് 80 കോടിയോളം രൂപയാണ് ചെലവഴിച്ചത്. എല്ലാ വികസനപ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിന് നാട് നല്‍കുന്ന പിന്തുണയും വളരെ വലുതാണെന്ന് എംഎല്‍എ പറഞ്ഞു.
കോന്നി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനവും ചടങ്ങില്‍ എംഎല്‍എ നിര്‍വഹിച്ചു. താലൂക്കിലെ രണ്ടു കുടുംബങ്ങള്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ഫെബ്രുവരി അഞ്ചിന് ശേഷം ഏഴ് കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി ലഭിക്കുമെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരെയും നവകേരളസദസ്സില്‍ അപേക്ഷിച്ചവരെയുമാണ് പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, ജില്ലാ പ്രോജക്‌ട് മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹുല്‍ വെട്ടൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. തനൂജ, വിവാ കേരള പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *