സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

April 13, 2024
51
Views

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു.

തൃശൂര്‍ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ പുതിയതും പുന:അംഗീകാരവും ഉള്‍പ്പെടെ ആകെ 143 സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.

മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ കൂടി ഗുണനിലവാരം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

സംസ്ഥാനത്ത് ആകെ 175 ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികള്‍ക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒൻപത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 116 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രികളുടെ കൂടുതല്‍ വികസനത്തിന് ഈ തുക സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *