ചൂട് കനക്കുന്നു; വേണം, വാഹനങ്ങള്‍ക്കും കരുതല്‍

May 26, 2023
23
Views

രാജ്യത്ത് ചൂട് കനത്ത് തുടങ്ങിയതോടെ വാഹനങ്ങള്‍ക്കും മുൻകരുതല്‍ വേണമെന്ന് വിദഗ്ധര്‍.

മസ്കത്ത്: രാജ്യത്ത് ചൂട് കനത്ത് തുടങ്ങിയതോടെ വാഹനങ്ങള്‍ക്കും മുൻകരുതല്‍ വേണമെന്ന് വിദഗ്ധര്‍. അശ്രദ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ വലിയ അപകടത്തിലേക്ക് നയികുമെന്ന് വാഹന മേഖലയിലുള്ളവര്‍ പറയുന്നു.

താപനില ഉയരുന്നതിനനുസരിച്ച്‌, വാഹനങ്ങളില്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും തീ പിടിത്തത്തിലേക്ക് എത്തിക്കും.

ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാൻ, ഇന്ധനം, പെര്‍ഫ്യൂം, ലൈറ്ററുകള്‍, വാതകങ്ങള്‍, അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കള്‍ തുടങ്ങിയവ വാഹനങ്ങള്‍ക്കുള്ളില്‍ വെക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൃത്യമായ വേളയില്‍ വാഹനങ്ങളുടെ അറ്റകുറ്റപണി നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ വര്‍ധിച്ച ഘര്‍ഷണവും എൻജൻ അമിതമായി ചൂടാകുന്നതും കാരണം ബ്രേക്ക് സിസ്റ്റം തകരാറിലാകാൻ ഇടവരും. റേഡിയേറ്ററിലെ വെള്ളത്തിന്‍റെ അളവ്, എൻജിൻ ഓയില്‍ പരിശോധന, ടയറുകളുടെ സ്ഥിതി, ബ്രേക്ക് സിസ്റ്റം, വാഹനത്തിന്റെ താപനില നിരീക്ഷിക്കല്‍, എൻജിന്റെയും കൂളിങ് ഫാനുകളുടെയും പ്രവര്‍ത്തനക്ഷമത, മുന്നിലെയും പിന്നിലെയും ലൈറ്റുകള്‍ പരിശോധിക്കുക, മുന്നറിയിപ്പ് സിഗ്നല്‍ ലൈറ്റുകള്‍, സ്പെയര്‍ ടയര്‍, അഗ്നിശമന ഉപകരണം എന്നിവ ഉള്‍പ്പെടെയുള്ള പതിവ് അറ്റകുറ്റപ്പണികള്‍ ഡ്രൈവര്‍മാര്‍ നടത്തേണ്ടത് അത്യാവശ്യമാണ്.

സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും തീപിടുത്തങ്ങളും അപകടങ്ങളും ഒഴിവാക്കാൻ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ ശരിയായി പരിപാലിക്കണം. പെര്‍ഫ്യൂമുകള്‍, എയര്‍ ഫ്രെഷനറുകള്‍, ഗ്യാസ് കാനിസ്റ്ററുകള്‍, ലൈറ്ററുകള്‍, ഡ്രൈ ബാറ്ററികള്‍ തുടങ്ങിയ കത്തുന്ന വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഓടികൊണ്ടിരിക്കുന്ന വാഹനത്തില്‍ ചൂട് ഗണ്യമായി കുടികൊണ്ടിരിക്കുകയാണെങ്കില്‍ ഡ്രൈവര്‍മാര്‍ റോഡിന്റെ വശത്തേക്ക് നിര്‍ത്തി ഡ്രൈവിങ് ഒഴിവാക്കണം.

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത പ്രദേശങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതായിരിക്കും ഉചിതം. ഡോറുകള്‍ തുറന്ന് വാഹനത്തിന് അമിതമായ മര്‍ദ്ദം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്. ഓടികൊണ്ടിരിക്കുന്ന കാറിനാണ് തീ പിടിക്കുന്നതെങ്കില്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് സിഗ്നല്‍ നല്‍കണം. കത്തുന്ന വസ്തുക്കളോ മറ്റ് വാഹനങ്ങളോ അടുത്തില്ലെന്ന് ഉറപ്പാക്കി സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് കാര്‍ ഓടിക്കണം. ഇതിന് ശേഷം എൻജിനും ഹെഡ്‌ലൈറ്റുകളും ഓഫ് ചെയ്യുകയും എല്ലാ യാത്രക്കാരെയും പുറത്തിറങ്ങുകയും വേണം. കത്തുന്ന വാഹനത്തിന്‍റെ അടുത്ത് നില്‍ക്കരുത്.

തീപിടിത്തം എമര്‍ജൻസി സര്‍വിസുകളെ അറിയിക്കുകയും കത്തുന്ന കാറില്‍ നിന്ന്മാറി നില്‍ക്കാൻ മറ്റ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക. ചെറിയ തീ പിടിത്തമാണെങ്കില്‍ അഗ്നിശമന ഉപകരണത്തിന്‍റെ സഹായത്തോടെ അണക്കാൻ ശ്രമിക്കാം. എന്നാല്‍, അഗ്നിശമന ഉപകരണം ഉപയോഗിക്കാാൻ അറിയില്ലെങ്കില്‍ സ്വയം തീ അണക്കാനുള്ള ശ്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത്താണ്. തീ അണച്ചതിന് ശേഷം ഇലക്‌ട്രീഷ്യനോ മെക്കാനിക്കോ പരിശോധിച്ചതിന് ശേഷമല്ലാതെ സ്റ്റാര്‍ട്ട് ചെയ്യാനോ വാഹനമോടിക്കാനോ ശ്രമിക്കരുത്.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *