ഉഷ്ണ തരംഗത്തെ തുടര്‍ന്ന് തെക്കന്‍ സുഡാനിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ജുബ: ഉഷ്ണ തരംഗത്തെ തുടര്‍ന്ന് തെക്കന്‍ സുഡാനിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. താപനില 45 ഡിഗ്രിക്ക് മുകളില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കുട്ടികളെ വീടിന് പുറത്തേക്ക് വിടരുതെന്ന് രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഏതെങ്കിലും സ്‌കൂള്‍ തുറന്നാല്‍ രജിസ്ട്രേഷന്‍ പിന്‍വലിക്കുമെന്നാണ് താക്കീത്.
ചൂടും വരള്‍ച്ചയും മാത്രമല്ല വെള്ളപ്പൊക്കവും ആഭ്യന്തര സംഘര്‍ഷവുമെല്ലാം ചേര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യമാണിത്. അക്രമം, സാമ്ബത്തിക അസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം മാനുഷിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരിയില്‍ ഇവിടെ 8,18,000 പേര്‍ക്ക് ഭക്ഷണവും സാമ്ബത്തിക സഹായവും എത്തിച്ചു.ദക്ഷിണ സുഡാനില്‍ ഉഷ്ണ തരംഗം സാധാരണമാണ്, എന്നാല്‍ അപൂര്‍വ്വമായി മാത്രമേ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറുള്ളൂ. അടുത്ത രണ്ടാഴ്ച നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന അത്യുഷ്ണ തരംഗത്തെ നേരിടാനുളള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. സ്‌കൂളുകള്‍ എത്രനാള്‍ അടച്ചിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അപ്പപ്പോള്‍ വിവരം ജനങ്ങളെ അറിയിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.