ലോകം അറിയുന്ന ഡൂഡിൽ ആർട്ടിസ്റ് സ്കൂളിലെതന്നെ പ്രശ്നക്കാരനാണെന്നു എത്രപേർക്കറിയാം

January 24, 2022
313
Views

വ്യത്യസ്ത പെരുമാറ്റവും കഴിവുകളും ഉള്ള കുട്ടികളാണ് ഒരു ക്‌ളാസിൽ ഉണ്ടാകുന്നത്. അതിൽ ചിലർ കുറുമ്പന്മാരായിരിക്കും. ചിലർ ശാന്ത സ്വഭാവക്കാരായിരിക്കും. പൊതുവെ അനുസര ഉള്ളവരെയാണ് അധ്യാപകർക്ക് ഇഷ്ടപെടാറും. പഠിപ്പിക്കുന്ന സമയത്ത് ഏറിയ പങ്കും ചിത്രം വരച്ചിരുന്ന ക്‌ളാസിൽ അധ്യാപകർക്ക് ഏറെക്കുറെ തലവേദന ആയിരുന്ന പത്ത് വയസുകാരനെ പരിചയപ്പെടാം. നോട്ട് ബുക്കിൽ എഴുതുന്നതിനേക്കാൾ ജോ വെയ്ൽ എന്ന പത്ത് വയസുകാരന് ഇഷ്ടം നോട്ടുബുക്കിൽ വരയ്ക്കാനായിരുന്നു. ഇംഗ്ലണ്ടിലെ ഷ്രൂസ്ബെറിയിലാണ് ജോ വെയിൽ താമസിക്കുന്നത്. ജോയുടെ കണക്ക് പുസ്തകം മുഴുവൻ വരകളാണ്. അതിനെ ചൊല്ലി സ്‌കൂളിലെ തന്നെ പ്രശ്നക്കാരനായി മാറിയിരിന്നു ജോ. അങ്ങനെ സ്‌കൂളിലെ തലവേദനക്കാരൻ ഇന്ന് ലോകം അറിയുന്ന ഡൂഡിൽ ആർട്ടിസ്റ്റ് ആയ കഥയാണ് ഇനി പറയുന്നത്.

പ്രശ്നങ്ങളും പരാതികളും ഉയർന്നപ്പോഴും മകന്റെ ഈ ചിത്രവരയെ തടയാനോ നിസ്സാരമായി കാണണോ ജോയുടെ മാതാപിതാക്കൾ ശ്രമിച്ചില്ല. അവന്റെ വരയെ കുറച്ചൂടെ ഗൗരവത്തോടെ കണ്ട് എല്ലാ പ്രോത്സാഹനവും നൽകി കൂടെ നിന്നു. അതിൽ ഏറ്റവും മികച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിയതോടെ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു. ഇതോടെ കൂടുതൽ അവസരങ്ങൾ ജോയെ തേടി എത്തുകയായിരുന്നു. ഇപ്പോൾ അവിടെയുള്ള നമ്പർ 4 എന്ന പ്രാദേശിക റസ്റ്റോറന്റ് കടയുടെ ചുവരുകൾ ഡൂഡിൽ വരച്ച് മനോഹരമാക്കിയിരിക്കുകയാണ് ജോ.ഒരിക്കൽ വരച്ച ചിത്രങ്ങൾ വീണ്ടും വരയ്ക്കുന്ന സ്വഭാവം ജോക്കില്ല. അതുകൊണ്ട് തന്നെ എട്ടടി ഉയരമുള്ള ചുമർ എങ്ങനെ അവൻ വരയ്ക്കുമെന്ന ചെറിയ ആശങ്ക മാതാപിതാവുകൾക്കുണ്ടായിരുന്നു. എങ്കിലും അവന്റെ കഴിവ് തെളിയിക്കാൻ ഇത്രയും വലിയ അവസരം ലഭിച്ച സന്തോഷത്തിലാണ് അവർ. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു കിടിലൻ ഡൂഡിൽ ജോ റെസ്റ്റോറന്റിനായി തയ്യാറാക്കി നൽകി. സ്കൂൾ കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിലാണ് ചിത്രം വരച്ച് നൽകിയത്. പന്ത്രണ്ട് മണിക്കൂർ കൊണ്ട് ജോ ചുമർ അടിപൊളിയാക്കി.

ജോയുടെ വരയിൽ റെസ്റ്റോറന്റ് ഉടമകളും ഹാപ്പിയായി. മകന്റെ അസാമാന്യ പ്രകടനം കണ്ട് മാതാപിതാക്കളും അത്ഭുതപ്പെട്ടുപോയി. ഇപ്പോൾ ജോയ്ക്ക് സ്വന്തമായൊരു വെബ്സൈറ്റും ഉണ്ട്. ഇന്നിപ്പോൾ ഡൂഡിൽ ബോയ് എന്നാണ് ജോ അറിയപ്പെടുന്നത്. ജോ വരച്ച ഡൂഡിലുകൾ വെബ്സൈറ്റിലൂടെ വാങ്ങാനും അവസരം ഉണ്ട്. വരയിലൂടെ ലഭിക്കുന്ന പണമെല്ലാം ജോയുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം. ജോയും മാതാപിതാക്കളും സമൂഹത്തിന് നൽകുന്നൊരു സന്ദേശമുണ്ട്. കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിച്ച് അവരുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുക. നേട്ടങ്ങൾ അവരെ തേടി എത്തുക തന്നെ ചെയ്യും.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *