പോങ്യാങ്: വീണ്ടും ഹൈപ്പർ സോണിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. പരീക്ഷണം വിജയകരമായിരുന്നുവെന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെ സി എൻ എ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് ഹൈപ്പർ സോണിക് ഗ്ലൈഡിങ് വാർഹെഡും വഹിച്ചു കൊണ്ടുള്ള മിസൈൽ പരീക്ഷണം നടത്തിയത്. 700 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യം മിസൈൽ വിജയകരമായി തകർത്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മിസൈൽ പരീക്ഷണത്തിനെതിരെ അമേരിക്ക, ജപ്പാൻ, കാനഡ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം യുഎൻ രക്ഷാ കൗൺസിലിന്റെ തീരുമാനങ്ങളുടെ ലംഘനമാണെന്നും ഇത് അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്നും അമേരിക്കൻ വക്താവ് വ്യക്തമാക്കി.
ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്നതാണ് പുതിയ മിസൈൽ. ശബ്ദത്തിന്റെ അഞ്ചിരട്ടിയായിരിക്കും മിസൈലിന്റെ വേഗത. കഴിഞ്ഞ വർഷം സെപ്തംബറിൽ ഉത്തര കൊറിയ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണത്തിന്റെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ഉത്തര കൊറിയൻ മാധ്യമമായ ‘റൊഡോങ് സിൻമൺ’ പുറത്തുവിട്ടിരുന്നു.