ഐസിസിന്റെ സാമ്പത്തിക അടിത്തറ പ്രതിസന്ധിയിൽ: ഖജനാവ് സൂക്ഷിപ്പുകാരനെ അതിസാഹസികമായി പിടികൂടി

October 12, 2021
155
Views

ബാഗ്ദാദ്: ഐസിസിന്റെ സമ്പത്ത് കൈകാര്യം ചെയ്തിരുന്ന ഐസിസ് നേതാവ് സാമി ജാസിമിനെ ജീവനോടെ പിടികൂടി. എല്ലാ ഭീഷണികളെയും തരണം ചെയ്ത് തെരഞ്ഞെടുപ്പ് നടത്തിയതിനു തൊട്ടു പിന്നാലെയാണ് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദ്മി ട്വീടിലൂടെ ഈ കാര്യം അറിയിച്ചത്.

ഇറാഖി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിദേശത്തു നടത്തിയ അതീസങ്കീര്‍ണ്ണമായ ഒാപ്പറേഷനിലൂടെയാണ് സാമി ജാസിമിനെ പിടികൂടിയത്. ഐസിസിനെതിരായ പോരാട്ടത്തില്‍ വലിയ നേട്ടമായാണ് രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ സംഭവത്തെ കാണുന്നത്.

ഒന്നര ബില്യണ്‍ ഡോളര്‍ ഉണ്ടെന്ന് അമേരിക്ക കണക്കാക്കുന്ന ഐസിസിന്റെ സമ്പത്ത് കൈകാര്യം ചെയ്തിരുന്ന ആളാണ് സാമി ജാസിം. 2014-ല്‍ ജിഹാദി പ്രവര്‍ത്തനങ്ങളില്‍നിന്നും മാറിനിന്ന് ഐസിസിന്റെ ഖജനാവ് സൂക്ഷിക്കുകയായിരുന്നു ഇയാള്‍. ഐസിസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വിശ്വസ്ഥനായ ഇയാള്‍ പല രാജ്യങ്ങളിലായാണ് പ്രവര്‍ത്തിച്ചിരുന്നത്. സമി ജാസിമിനെ പ്രത്യേകം ശ്രദ്ധിക്കേണ്ട അന്താരാഷ്ട്ര ഭീകരനായി 2015-ല്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ തലയ്ക്ക് അഞ്ച് മില്യണ്‍ ഡോളറാണ് അമേരിക്ക വിലയിട്ടത്.

വിദേശരാജ്യത്തെ രഹസ്യകേന്ദ്രത്തില്‍ ഒളിവിലായിരുന്ന സാമി ജാസിമിനെ ഇറാഖി രഹസ്യാന്വേഷണ ഏജന്‍സി പിടികൂടുകയായിരുന്നു എന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. അതിസാഹസികമായാണ്, ഒളിത്താവളത്തില്‍ ചെന്ന് ഇയാളെ കീഴടക്കിയത് എന്നാണ്, ഇറാഖി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു ദിവസം മുമ്പു തന്നെ ഇയാളെ ഇറാഖിലേക്ക് കൊണ്ടു വന്നിരുന്നു. അതീവ സുരക്ഷാ ജയിലില്‍ താമസിപ്പിച്ചിരിക്കുകയാണ് സാമിയെ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ മോചിപ്പിക്കാന്‍ ഭീകരര്‍ എന്ത് ശ്രമവും നടത്തും എന്നതിനാല്‍, ഇറാഖി സൈന്യം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

സിറിയ അടക്കമുള്ള പ്രദേശങ്ങളിലെ ഐസിസിന്റെ എണ്ണസമ്പത്ത് കൈകാര്യം ചെയ്തിരുന്നത് സമി ജാസിമായിരുന്നു. ഐസിസ് നടക്കുന്ന അനേകം തട്ടിക്കൊണ്ടുപോവലുകളുടെ സൂത്രധാരനും ഇയാളാണെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ആളുകളെ തട്ടിക്കൊണ്ടുവന്ന് മോചനദ്രവ്യം വാങ്ങുക ഐസിസിന്റെ പ്രധാന വരുമാന മാര്‍ഗമായിരുന്നു. അതോടൊപ്പം, ലോകമെങ്ങുമുള്ള ഐസിസ് അനുഭാവികള്‍ നല്‍കുന്ന പല തരണം സംഭാവനകളും കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. ആയുധക്കച്ചവടങ്ങള്‍ക്കും ഐസിസിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കുമുള്ള പണം ഇയാള്‍ വഴിയാണ് വന്നുകൊണ്ടിരുന്നത്. ബാങ്കുകളെ അടക്കം ആക്രമിച്ച് സമ്പാദിക്കുന്ന പണവും ആളുകളെ ഭീഷണിപ്പെടുത്തി വാങ്ങുന്ന പണവും ഇയാളായിരുന്നു മാനേജ് ചെയ്തിരുന്നത്.

Article Categories:
Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *