കൊവിഡ് വാക്സിൻ യുവാക്കളില്‍ പെട്ടെന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നില്ലെന്ന് ഐ സി എം ആര്‍ പഠനം

November 21, 2023
36
Views

കൊവിഡ്-19 വാക്സിനേഷൻ ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) പഠന റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി | കൊവിഡ്-19 വാക്സിനേഷൻ ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) പഠന റിപ്പോര്‍ട്ട്.

കോവിഡ് രോഗം ഗുരുതരമായി ബാധിച്ചതും മദ്യപാനം അടക്കമുള്ള ജീവിതശൈലികളുമാണ് യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. 18-നും 45-നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഐ സി എം ആര്‍ ഇതുസംബന്ധിച്ച വിശദമായ പഠനം നടത്തിയത്.

2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച്‌ 31 വരെ കാലയളവില്‍ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മരിച്ച 18നും 45നും ഇടയില്‍ പ്രായക്കാരായ 729 പേരുടെ വിവരങ്ങളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഇവരുടെ മെഡിക്കല്‍ ചരിത്രം, പുകവലി, മദ്യപാനം, തീവ്രമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പെരുമാറ്റങ്ങള്‍, കൊവിഡ് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നോ, എന്തെങ്കിലും വാക്സിൻ ഡോസ് എടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചതായി ഗവേഷകര്‍ പറയുന്നു.

അതേസമയം, കൊവിഡ് വാക്സിനുകള്‍ ഇത്തരത്തിലുള്ള അപകടസാധ്യത കുറയ്ക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് ബാധിതരായവര്‍ അടുത്ത രണ്ട് വര്‍ഷം കഠിനമായ ജോലികള്‍ ചെയ്യരുതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഹൃദയാഘാതം ഒഴിവാക്കാനുള്ള മുൻകരുതലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *