ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ താഴ്‌ന്നു , വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമപ്രദേശം ദൃശ്യമായിത്തുടങ്ങി

June 12, 2023
34
Views

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ താഴ്‌ന്നതോടെ പതിറ്റാണ്ടുകള്‍ക്കുമുമ്ബ്‌ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമപ്രദേശം ദൃശ്യമായിത്തുടങ്ങി.

കുളമാവ്‌: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്‌ താഴ്‌ന്നതോടെ പതിറ്റാണ്ടുകള്‍ക്കുമുമ്ബ്‌ വെള്ളത്തില്‍ മറഞ്ഞ വൈരമണി ഗ്രാമപ്രദേശം ദൃശ്യമായിത്തുടങ്ങി.

ഇടുക്കി അണക്കെട്ട്‌ നിര്‍മാണം പൂര്‍ത്തിയായതോടെ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്ബ്‌ വെള്ളത്തിനടിയിലായതാണ്‌ വൈരമണി ഗ്രാമം. രണ്ടായിരത്തിലേറെ കുടുംബങ്ങളാണ്‌ ഇവിടെ താമസിച്ചിരുന്നത്‌.
സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, കയനാട്ടുപാറ,വേങ്ങാനം, പുരുളി, കടാവര്‍, മുത്തിക്കണ്ടം, നടയ്‌ക്കവയല്‍ ഗ്രാമങ്ങളുടെ വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി. നിലവില്‍ 16 ശതമാനത്തോളമായി ജലനിരപ്പ്‌ താഴ്‌ന്നിട്ടുണ്ട്‌. അണക്കെട്ടിലെ ജലനിരപ്പ്‌ 15 ശതമാനത്തില്‍ താഴെയെത്തിയാല്‍ അരനൂറ്റാണ്ട്‌ മുന്‍പ്‌ ഇടുക്കി ഡാം നിര്‍മാണത്തിനായി കുടിയൊഴിപ്പിച്ച ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണ്ണമായും കാണാന്‍ കഴിയും.

കടകള്‍, വീടുകള്‍, ദേവാലയം, വിദ്യാലയം

തൊടുപുഴയില്‍നിന്ന്‌ കൂപ്പ്‌ റോഡില്‍ കൂടി എത്തിയിരുന്ന വാഹനങ്ങള്‍ കുളമാവ്‌ വനത്തിലൂടെ വൈരമണി വഴിയാണു കട്ടപ്പനയിലേക്കു പോയിരുന്നത്‌. തൊടുപുഴയ്‌ക്കും കട്ടപ്പനയ്‌ക്കും ഇടയിലുള്ള പ്രധാന ടൗണ്‍ ആയിരുന്നു വൈരമണി. സര്‍ സി.പിയുടെ കാലത്ത്‌ ഭക്ഷ്യ ക്ഷാമമുണ്ടായതോടെ ചതുപ്പ്‌ നിലങ്ങള്‍ പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഒരു കുടുംബത്തിന്‌ അഞ്ചേക്കര്‍ വീതം ഭൂമി നല്‍കിയാണ്‌ ആളുകളെ ഇവിടെ കുടിയിരുത്തിയത്‌. പിന്നീട്‌ വന്ന കമ്മ്യൂണിസ്‌റ്റ്‌ സര്‍ക്കാര്‍ ഈ സ്‌ഥലത്തിനു പട്ടയം നല്‍കി.
നെല്‍കൃഷിക്ക്‌ സമ്ബുഷ്‌ടമായ പ്രദേശങ്ങളായിരുന്നു ഈ ഗ്രാമങ്ങള്‍. നൂറ്‌ വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ്‌ തോമസ്‌ പള്ളിയുടേയും വീടുകളുടെയും കടകളുടെയും തറകള്‍ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍ ജലനിരപ്പ്‌ താഴ്‌ന്നാല്‍ പ്രത്യക്ഷമാകും. സെന്റ്‌ തോമസ്‌ പള്ളി പിന്നീട്‌ സെന്റ്‌ മേരീസ്‌ പള്ളി എന്ന പേരില്‍ കുളമാവിലേക്കു മാറ്റി സ്‌ഥാപിച്ചു. വൈരമണിയില്‍ അഞ്ചാം ക്ലാസ്‌ വരെയുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയവും ഉണ്ടായിരുന്നു.

ജനങ്ങളെ കുടിയൊഴിപ്പിച്ചു

ചെറിയ കടകളും മറ്റും ഉണ്ടായിരുന്ന അക്കാലത്തെ പ്രധാന കേന്ദ്രമായിരുന്നു വൈരമണി. കുളമാവില്‍ നിന്നു കട്ടപ്പനയ്‌ക്കു പോകുന്നവരുടെ ഇടത്താവളവും പ്രധാന വാണിജ്യ കേന്ദ്രവുമായിരുന്നു ഇവിടം. ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു.
1974ല്‍ ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ വെള്ളം നിറച്ചപ്പോഴാണ്‌ ഗ്രാമം വിസ്‌മൃതിയിലായത്‌.

അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായി ഇവിടുണ്ടായിരുന്ന കുടുംബങ്ങളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞപ്ര, കോരുത്തോട്‌, ചേലച്ചുവട്‌ എന്നിവിടങ്ങളിലാണ്‌ കുടിയിരുത്തിയത്‌. ഒരു കുടുംബത്തിന്‌ മൂന്നേക്കര്‍ വീതം സ്‌ഥലമാണു നല്‍കിയിരുന്നത്‌.

ഇനിയുള്ളത്‌ വൈരമണി ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ മാത്രം

മൊട്ടക്കുന്നുകള്‍ക്കിടയിലൂടെയുള്ള ഈ വഴിയുടെ അവശിഷ്‌ടങ്ങളും ഇപ്പോള്‍ കാണാം. വൈരമണിയിലേക്ക്‌ എത്താന്‍ കുളമാവില്‍ നിന്ന്‌ റിസര്‍വ്വോയറിലൂടെ മുക്കാല്‍ മണിക്കൂര്‍ വള്ളത്തില്‍ സഞ്ചരിക്കണം.
വൈരമണിയുടെ പേരില്‍ ഇപ്പോള്‍ ശേഷിക്കുന്നത്‌ വൈരമണി ഫോറസ്‌റ്റ്‌ സേ്‌റ്റഷന്‍ മാത്രമാണ്‌. കുളമാവ്‌ ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ വൈരമണി ഫോറസ്‌റ്റ്‌ സ്‌റ്റേഷനായാണ്‌ രേഖകളിലുള്ളത്‌.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *