അന്തരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് പ്രദർശിപ്പിക്കുന്നത് 68 ചിത്രങ്ങൾ. ഐ എസ് ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടന്റെയും മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെയും ആദ്യ പ്രദർശനം ഇന്ന് നടക്കും. സംഘർഷ ഭൂമിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
മലയാള ചിത്രം ആവാസ വ്യൂഹം,കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രം കൂഴാങ്കൽ, അർജന്റീനിയൻ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ് , മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മത്സര വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.
ബർമീസ് ചിത്രം മണി ഹാസ് ഫോർ ലെഗ്‌സ്, കുർദിഷ്ഇറാനിയൻ ചിത്രമായ മറൂൺഡ് ഇൻ ഇറാഖ് എന്നിവ ഫ്രെയിമിങ് കോൺഫ്‌ലിക്റ്റ് വിഭാഗത്തിൽ ഇന്ന് പ്രദർശനത്തിന് എത്തും.അപർണ സെനിന്റെ ദി റേപ്പിസ്റ്റ് ഉൾപ്പടെ 17 ഇന്ത്യൻ ചിത്രങ്ങളും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും.ഒരു കന്യാസ്ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ ചിത്രീകരിക്കുന്ന റൊമേനിയൻ ചിത്രം മിറാക്കിൾ, ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയൻ യുവതിയുടെ കഥ പറയുന്ന ബല്ലാഡ് ഓഫ് എ വൈറ്റ് കൗ, റോബർട്ട് ഗൈഡിഗുയ്യൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മെയിൽ ട്വിസ്റ്റ്, ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രായേലി ചിത്രം അഹദ്‌സ് നീ അടക്കം 38 സിനിമകൾ ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.