പാലാ: ചിറ്റമൃത് (റ്റീനോസ്പോറ കോർഡിഫോളിയ) പ്രധാനഘടകമായ ആയുർവേദ ഗുളിക ‘ഇമ്യൂസിൽ’ കോവിഡ്-19 പരത്തുന്ന സാർസ് കോവ്-2 വൈറസിന്റെ പ്രവർത്തനത്തെ തടയുമെന്ന് പഠനം. മുംബൈ ആസ്ഥാനമായ ഗ്ലോഡെർമ ലാബ് പ്രൈവറ്റ് ലിമിറ്റഡും പാലാ സെന്റ് തോമസ് കോളേജ് ബയോകെമിസ്ട്രി വിഭാഗവും സഹകരിച്ചാണ് ഇമ്യൂസിൽ വികസിപ്പിച്ചെടുത്തത്.
ഇമ്യൂസിൽ കൊറോണ വൈറസിന്റെ വളർച്ചയെ 71 ശതമാനത്തോളം തടഞ്ഞുവെന്ന് തെളിഞ്ഞതായി പഠനത്തിൽ പറയുന്നു. ഗവേഷണം അന്താരാഷ്ട്ര ജേർണലായ ഇൻഫ്ളേമോഫാർമാകോളജിയിൽ പ്രസിദ്ധീകരിച്ചു.
കൊറോണ വൈറൽ ബാധയുണ്ടാവുമ്പോൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമാകുന്നുണ്ട്. ഒാക്സിജൻ സാന്നിധ്യം കുറയുന്നത് കോശങ്ങളെ സാരമായി ബാധിക്കുകയും അവയിൽ സമ്മർദം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതുമൂലം കോശങ്ങൾ നശിക്കുകയും കൂടുതൽ അപകടാവസ്ഥയിലേക്ക് വ്യക്തി എത്തുകയും ചെയ്യുന്നു. ഇമ്യൂസിൽ ഉപയോഗിക്കുമ്പോൾ ശരീരത്തിലെ ഇൗ കുറവുകൾ നിയന്ത്രിക്കപ്പെടുന്നതായി കണ്ടെത്തി. ഒാക്സിജൻ നില താഴുന്നതും കോശങ്ങളിലെ സമ്മർദവും ഇൗ മരുന്ന് ചെറുക്കുന്നു.
പാലാ സെന്റ് തോമസ് കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം. രതീഷിന്റെ നേതൃത്വത്തിൽ, ഐക്യരാഷ്ട്രസഭ അംഗീകാരമുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ്ങിലെ ശാസ്ത്രജ്ഞ ഡോ. സുജാത സുനിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിലെ ശാസ്ത്രജ്ഞ ഡോ. എസ്. സന്ധ്യ, കേരള ആയുഷ് വിഭാഗത്തിലെ ശാസ്ത്രജ്ഞൻ ഡോ. നിർമൽ ഘോഷ് എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.
ഗവേഷകവിദ്യാർഥികളായ സ്വേനിയ പി.ജോസ്, എസ്.ശീതൾ, സോണി രാജൻ എന്നിവരും ഈ പഠനത്തിന്റെ ഭാഗമായിരുന്നു