നാടിന് പുതുമുഖം പുതുവേഗം ; കണ്ണൂരിലെ
ദേശീയപാത-66 ആറുവരിയാകുന്നു

February 21, 2022
132
Views

കണ്ണൂർ : ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകൾ, നിരവധി പാലങ്ങൾ, ഫ്‌ളൈ ഓവറുകൾ, വയഡക്ടുകൾ എന്നിവ നിലവിൽ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കണ്ണൂർ ജില്ലയിലെ ദേശീയപാത വടക്ക് കരിവെള്ളൂരിൽനിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത് വരെ 22 വില്ലേജുകളിലൂടെയാണ് കടന്നുപോവുന്നത്. ജില്ലയിൽ നാല് ബൈപാസുകൾ, ഏഴ് വലിയ പാലങ്ങൾ, ഏഴ് ഫ്ളൈ ഓവറുകൾ, 10 വയഡക്ടുകൾ എന്നിവയാണ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്നത്.

പയ്യന്നൂർ (3.82 കി.മീ), തളിപ്പറമ്പ് (5.66 കി.മീ), കണ്ണൂർ (13.84 കി.മീ), തലശ്ശേരി-മാഹി (18.6 കി.മീ) എന്നീ നാല് ബൈപാസുകളാണ് ദേശീയപാതയിലുണ്ടാവുക. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി രണ്ട് റീച്ചുകളിൽ ഭൂമി നിരപ്പാക്കൽ, മരങ്ങൾ മുറിക്കൽ, കെട്ടിടങ്ങൾ പൊളിക്കൽ, വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കൽ എന്നിവ ഏതാണ്ട് പൂർത്തിയായി. പുതിയ പാലങ്ങൾക്കായുള്ള പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചു.

നീലേശ്വരം-തളിപ്പറമ്പ് റീച്ച് 40.110 കി. മീ

ദേശീയപാത ആറു വരിയാക്കലിൽ കാസർകോട് ജില്ലയിലെ നീലേശ്വരം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വരെ ഒറ്റ റീച്ചാണ്. ഇത് 40.110 കി. മീ വരും. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ, വെള്ളൂർ, കണ്ടോത്ത്, കോറോം, എടനാട്, ചെറുതാഴം, കടന്നപ്പളളി, പരിയാരം, കുപ്പം, തളിപ്പറമ്പ എന്നീ 10 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. 3799.36 കോടി രൂപയാണ് ഈ റീച്ചിന്റെ പദ്ധതി ചെലവ്.

ഇതിൽ രണ്ട് ഫ്‌ളൈ ഓവർ, അഞ്ച് വയഡക്ട്, വെഹിക്കുലാർ അണ്ടർ പാസ്-6, ലൈറ്റ് വെഹിക്കുലാർ അണ്ടർ പാസ്-7, വലിയ പാലങ്ങൾ മൂന്ന്, ചെറിയ പാലങ്ങൾ എട്ട്, പയ്യന്നൂർ ബൈപാസ് (3.82 കി.മീ), തളിപ്പറമ്പ ബൈപാസ് (5.660 കി.മീ) എന്നീ രണ്ട് ബൈപാസുകൾ എന്നിവയാണ് ഈ റീച്ചിൽ ഉള്ളത്. ഇതിന്റെ എംബാങ്ക്‌മെൻറ്, പൈലിംഗ് പ്രവൃത്തികൾ പുരോഗമിക്കുന്നു. 2021 ഒക്‌ടോബർ 15ന് പ്രവൃത്തി തുടങ്ങി. 2024 ഏപ്രിലിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഘ ഇൻഫ്രാസ്ട്ര്കചർ കമ്പനിക്കാണിത് ടെൻഡർ ചെയ്തിരിക്കുന്നത്.

തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ച് 29.948 കി.മീ

ആറ് വരി ദേശീയ പാതയിൽ തളിപ്പറമ്പ്-മുഴപ്പിലങ്ങാട് റീച്ച് 29.948 കിലോ മീറ്ററാണ്. മൊറാഴ, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, ചിറക്കൽ, പുഴാതി, വലിയന്നൂർ, എളയാവൂർ, ചേലോറ, ചെമ്പിലോട്, എടക്കാട്, കടമ്പൂർ, മുഴപ്പിലങ്ങാട് എന്നീ 12 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. 3311.37 കോടി രൂപയാണ് ഈ റീച്ചിന്റെ പദ്ധതി ചെലവ്.

അഞ്ച്് ഫ്‌ളൈ ഓവർ, അഞ്ച് വയഡക്ട്, വെഹിക്കുലാർ അണ്ടർ പാസ്-3, വെഹിക്കുലാർ ഓവർ പാസ്-1, ലൈറ്റ് വെഹിക്കുലാർ അണ്ടർ പാസ്-3, വലിയ പാലം-1, ചെറിയ പാലങ്ങൾ 3, കണ്ണൂർ ബൈപാസ് (13.84 കി.മീ) എന്നിവയാണ് ഈ റീച്ചിലുള്ളത്. 2021 നവംബർ 29ന് പ്രവൃത്തി തുടങ്ങി. 2024 മെയിൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാഹി ബൈപാസ് 18.6 കി.മീ

മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കുന്ന 18.6 കിലോ മീറ്റർ വരുന്ന നാല് വരിയിലുള്ള തലശ്ശേരി-മാഹി ബൈപാസ് പ്രവൃത്തി ഏതാണ്ട് പൂർത്തിയാവാറായി.

1300 കോടി രൂപയാണ് ഇതിന്റെ പദ്ധതി ചെലവ്. ധർമ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്.

നാല് വലിയ പാലങ്ങൾ, ഒരു റെയിൽവേ മേൽപ്പാലം, വെഹിക്കുലാർ അണ്ടർ പാസ്-4, ലൈറ്റ് വെഹിക്കുലാർ അണ്ടർ പാസ്-12, സ്മാൾ വെഹിക്കുലാർ അണ്ടർ പാസ്-5, വെഹിക്കുലാർ ഓവർ പാസ്-1 എന്നിവയാണ് മാഹി ബൈപാസിലുള്ളത്. 75.35 ശതമാനം പ്രവൃത്തിയും പൂർത്തിയായി. ഈ വർഷം മെയിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മികച്ച നഷ്ടപരിഹാരം

രണ്ട് റീച്ചുകളിലുമായി കണ്ണൂർ ജില്ലയിലെ ദേശീയപാത വീതി കൂട്ടലിനായി ഇതുവരെ 200.5560 ഹെക്ടർ ഭൂമി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ഏറ്റെടുത്തു. ഭൂമിക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകാനായി ദേശീയപാത അതോറിറ്റി 2260 കോടി രൂപയാണ് അനുവദിച്ചത്.

ഇതിൽ സാധുവായ രേഖകൾ ഹാജരാക്കാത്ത ഏതാനും പേർക്കൊഴികെ ഭൂമി വിട്ടുനൽകിയ മുഴുവൻ പേർക്കും നഷ്ടപരിഹാരം വിതരണം ചെയ്തുകഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി വരുന്ന മികച്ച തുകയാണ് ഭൂവുടമകൾക്ക് നൽകുന്നത്.

നാല് ബൈപാസുകൾ, ഏഴ് വലിയ പാലങ്ങൾ,ഏഴ് ഫ്ളൈ ഓവറുകൾ, 10 വയഡക്ടുകൾ

നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ 3.82 കി. മീ നീളമുള്ള പയ്യന്നൂർ ബൈപാസ് വെള്ളൂർ പുതിയങ്കാവിൽനിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കും. ഇതിന്റെ സ്ട്രക്ച്ചർ പൂർത്തിയായി. പെരുമ്പ പുഴയിൽ പഴയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിങ് പൂർത്തിയായി.
അഞ്ച് ഫ്ളൈ ഓവറുകൾ അഞ്ച് വയഡക്ടുകൾ എന്നിവ നിർമ്മിക്കും. അരിപ്പത്തോട് റോഡ്, ബക്കളം-കടമ്പേരി റോഡിൽ ബക്കളം, പറശ്ശിനിക്കടവ്-മയ്യിൽ റോഡിന് സമീപം ധർമ്മശാല, മട്ടന്നൂർ-കണ്ണൂർ റോഡ്, താഴെ ചൊവ്വ-മട്ടന്നൂർ റോഡ്, എളയാവൂരിൽ കണ്ണൂർ ബൈപാസിന്റെ അവസാന പോയിൻറ് എന്നിവിടങ്ങളിലാണ് ഫ്ളൈ ഓവറുകൾ വരുന്നത്. കണ്ണൂർ ബൈപാസിൽ അഞ്ച് വയഡക്ടുകളും നിലവിൽ വരും. ദേശീയപാത-66 പരിപൂർണമായും ആറ് വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകും.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *