ഡെൽഹിയിൽ ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്

September 10, 2021
312
Views

ന്യൂഡെൽഹി: രാജ്യതലസ്ഥാനമായ ഡെൽഹിയിൽ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്ക്ലിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാധ്യമങ്ങളുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്.

ഓഫീസിനകത്തുള്ളവരുമായി പുറത്തുള്ള മാധ്യമപ്രവർത്തകർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. എല്ലാവരുടെയും ഫോണുകൾ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണെന്നാണ് വിവരം. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഏഴോളം പേരടങ്ങിയ ആദായ നികുതി വകുപ്പ് സംഘം രണ്ട് സ്ഥാപനങ്ങളുടെയും ഓഫീസുകളിലെത്തിയത്.

ഈ വർഷം തന്നെ ഫെബ്രുവരി മാസത്തിൽ ന്യൂസ്ക്ലിക്കിന്റെ ഓഫീസിൽ എൻഫോഴ്സ്മെന്റ് വിഭാഗം റെയ്‌ഡ് നടത്തിയിരുന്നു. അന്ന് എഡിറ്റർമാരുടെ വീടുകളിലും പരിശോധന നടന്നിരുന്നു. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

നിരവധി മാധ്യമസ്ഥാപനങ്ങൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പിന്നീട് ന്യൂസ്ക്ലിക്ക് ഡെൽഹി ഹൈക്കോടതിയെ സമീപിച്ച് ഇഡി അന്വേഷണത്തിൽ നിന്ന് താത്കാലിക ആശ്വാസം നേടിയിരുന്നു. പിന്നീട് ജൂലൈ മാസത്തിന്റെ തുടക്കത്തിൽ ആദായ നികുതി വകുപ്പ് ദൈനിക് ഭാസ്കർ എന്ന മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *